കൊല്ലം: കോവിഡ് ചികിത്സാ കേന്ദ്രങ്ങളില്‍ തടസരഹിത ഓക്‌സിജന്‍ വിതരണത്തിനാവശ്യമായ നടപടിക്രമങ്ങള്‍ ഏകോപിപ്പിക്കാന്‍ ജില്ലയില്‍ ആരംഭിച്ച വാര്‍ റൂം പ്രവര്‍ത്തന സജ്ജമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ചേര്‍ന്ന ഓണ്‍ലൈന്‍ യോഗത്തിലാണ് അറിയിച്ചത്. വിവിധ വകുപ്പുകളുടെ മേല്‍നോട്ടത്തില്‍ മൂന്ന് ഷിഫ്റ്റുകളായാണ് വാര്‍ റൂം പ്രവര്‍ത്തിക്കുക.

കോവിഡ് ചികിത്സയുടെ ഭാഗമായ നടപടിക്രമങ്ങള്‍ താഴെത്തട്ടില്‍ മുതല്‍ കാര്യക്ഷമമാക്കാന്‍ വാര്‍ റൂം പ്രവര്‍ത്തനങ്ങള്‍ക്ക് സാധിക്കുമെന്ന് കലക്ടര്‍ വ്യക്തമാക്കി.
അതിഥി തൊഴിലാളികളുടെ താമസസ്ഥലങ്ങളില്‍ രോഗവ്യാപനം ഉണ്ടാകാത്ത തരത്തില്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താനും നിര്‍ദേശമുണ്ട്. ആര്‍. ടി. പി. സി. ആര്‍. പരിശോധനാ ഫലം കാലതാമസം കൂടാതെ നല്‍കുന്നതിനാവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കണം. തെരുവോരങ്ങളില്‍ താമസിക്കുന്നവര്‍ക്കും അലഞ്ഞുതിരിഞ്ഞു നടക്കുന്നവര്‍ക്കും ഭക്ഷണവും താല്‍ക്കാലിക താമസസ്ഥലവും ഏര്‍പ്പെടുത്തുന്നതിനാശ്യമായ നടപടികള്‍ തദ്ദേശസ്ഥാപന തലങ്ങളില്‍ സജ്ജമാക്കണം. സര്‍ക്കാര്‍-സ്വകാര്യ മേഖലയിലെ കോവിഡ് ചികിത്സാ നടപടിക്രമങ്ങളില്‍ കൃത്യമായ ഏകോപനം ആവശ്യമാണ്. തീരദേശമേഖലയില്‍ ജാഗ്രത പുലര്‍ത്തണം, കലക്ടര്‍ അറിയിച്ചു.