കൊല്ലം: കോവിഡ് വ്യാപനത്തിന്റെ ആഘാതം കുറയ്ക്കുന്നതിനായി വിദ്യാര്‍ഥികളുടെ സഹകരണത്തോടെ വേറിട്ട പ്രതിരോധ മാര്‍ഗങ്ങള്‍ നടപ്പിലാക്കുമെന്ന് ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍. ആരോഗ്യ-വിദ്യാഭ്യാസ വകുപ്പുകളുടെ സംയുക്ത പദ്ധതിയായി ഹയര്‍ സെക്കന്ററി സ്‌കൂളുകളിലെ എന്‍. എസ്. എസ്. വോളന്റിയേഴ്‌സിന്റെ സേവനം വിനിയോഗിക്കുന്ന ‘ശലഭങ്ങള്‍’ ആണ് ജില്ലയില്‍ നടപ്പിലാക്കുന്നത്. കരുതലോടെ കൊല്ലം ക്യാമ്പയിന്റെ തുടര്‍ച്ചയാണ് പുതിയ പരിപാടിയും. ജില്ലയിലെ രോഗികളില്‍ 80-83 ശതമാനം പേരും രോഗലക്ഷണം ഇല്ലാത്തവരും ഗൃഹനിരീക്ഷണത്തില്‍ തുടരുന്നവരുമാണ്. അപകടസൂചനകള്‍ മുന്‍കൂട്ടി അറിയുന്നതിനുള്ള ബോധവല്‍ക്കരണവും തുടര്‍ പ്രവര്‍ത്തനങ്ങളുമാണ് ഇപ്പോള്‍ നടത്തുന്നത്.
രോഗികളുടെ ഓക്‌സിജന്‍ സാച്ചുറേഷന്‍, നാഡിമിടിപ്പ്, ശ്വസനനിരക്ക് തുടങ്ങിയവ നിരീക്ഷിക്കുന്നതിനും വ്യതിയാനങ്ങള്‍ കണ്ടെത്തുന്നതിനും ക്വാറന്റയിന്‍ നിര്‍ദേശങ്ങള്‍ നല്‍കുന്നതിനും അതാത് സമയത്തുള്ള കോവിഡ് പ്രോട്ടോക്കോളുകള്‍ അറിയിക്കുന്നതിനും വിദ്യാര്‍ഥികളുടെ സേവനം പ്രയോജനപ്പെടുത്തും എന്ന് കലക്ടര്‍ വ്യക്തമാക്കി. സൂം പ്ലാറ്റ്‌ഫോം വഴി 1000 പേര്‍ക്ക് ശനിയാഴ്ചയോടെ പരിശീലനം നല്‍കും. ഓരോ പഞ്ചായത്തിലും ഒരു സൂപ്പര്‍വൈസറുടെ ചുമതലയില്‍ 20 വോളന്റിയര്‍മാര്‍ വീതം പ്രവര്‍ത്തിക്കും. ഇവര്‍ക്ക് പ്രാഥമിക ആരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഓണ്‍ലൈന്‍ വഴി രോഗികളുടെ വിവരങ്ങള്‍ സ്വകാര്യത ഉറപ്പുവരുത്തി പങ്കിടും. രോഗികളില്‍ അപകടനില കണ്ടാല്‍ തൊട്ടടുത്തുള്ള പ്രാഥമിക/സാമൂഹ്യ ആരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് വിവരം നല്‍കി തുടര്‍ നടപടികള്‍ സ്വീകരിക്കും എന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍ ശ്രീലത അറിയിച്ചു.