കാസർഗോഡ്: ലോക് ഡൗണ്‍ നിലവില്‍ വന്നാല്‍ ജില്ലയിലെ അതിഥി തൊഴിലാളികള്‍ പട്ടിണിയിലാകാതെ അവരുടെ ജോലി സുരക്ഷ ഉറപ്പു വരുത്തുന്നതിന് ജില്ലാ ഭരണ സംവിധാനം നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ബാബു പറഞ്ഞു. ഇതിനായി ജില്ലാ ലേബര്‍ ഓഫീസറുടെ നേതൃത്വത്തില്‍ ഹിന്ദി സംസാരിക്കുന്ന ഹയര്‍ സെക്കണ്ടറി അധ്യാപകര്‍ ഉള്‍പ്പെടുന്ന സംഘം രൂപീകരിക്കും. അതിഥി തൊഴിലാളികളുടെ വിവരശേഖരണം നടത്തും.

ലോക്ഡൗണ്‍ നിലവില്‍ വന്നാല്‍ തൊഴിലാളികള്‍ ജില്ല വിട്ടു പോകേണ്ടതില്ലെന്നും തൊഴിലവസരം ഉറപ്പു വരുത്തുമെന്നും തൊഴിലാളികളെ ബോധ്യപ്പെടുത്തും. അതിഥി തൊഴിലാളികള്‍ക്കുവേണ്ടി ജില്ലാ ലേബര്‍ ഓഫീസില്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കോള്‍ സെന്ററും ആരംഭിച്ചിട്ടുണ്ട്. ഫോണ്‍: 0499 4256950, 9495340746, 7025661216. യോഗത്തില്‍ ജില്ലാ കളക്ടര്‍ ഡോ.ഡി സജിത്ബാബു അധ്യക്ഷനായി. എ.ഡി.എം അതുല്‍ സ്വാമിനാഥ്, ജില്ലാ ലേബര്‍ ഓഫീസര്‍ എം. കേശവന്‍, ഡി.ഡി.ഇ കെ.വി പുഷ്പ എന്നിവര്‍ പങ്കെടുത്തു.