ആലപ്പുഴ: കൊവിഡ് 19 രോഗബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ജില്ലയിൽ നാനൂറിൽ പരം ഹൈ ഫ്ലോ ഓക്സിജൻ ബെഡ്ഡുകൾ കൂടി പ്രവർത്തന സജ്ജമാക്കും. ജനറൽ ആശുപത്രിയിൽ 225 ബെഡ്, ഡി.സി. മിൽസിൽ 160 ബെഡ്, ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പുതുതായി ഒരു ഹൈ ഫ്ലോ ഓക്സിജൻ ബെഡ് വാർഡ് എന്നിങ്ങനെയാണ് സജ്ജമാക്കുന്നത്. നിലവിൽ ജില്ലയിലെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ 300 ബെഡ്, വനിതാ ശിശു ആശുപത്രിയിൽ 131 ബെഡ്, ചേർത്തല താലൂക്ക് ആശുപത്രിയിൽ 150 ബെഡ്, ആലപ്പുഴ ജനറൽ ആശുപത്രിയിൽ 75 ബെഡ്, ഡിസി മിൽസിൽ 20 ബെഡ്, ഐപിസി ചെങ്ങന്നൂരിൽ പത്ത് ബെഡ്, എൽമെസ് ആശുപത്രിയിൽ പത്ത് ബെഡ് എന്നിങ്ങനെയാണ് ഹൈ ഫ്ലോ ഓക്സിജൻ ബെഡ്ഡുകളുള്ളത്.

കോവിഡ് രോഗികളുടെ എണ്ണം വർധിച്ചുവരുമ്പോഴും ജില്ലയെ ഓക്സിജൻ ക്ഷാമം കാര്യമായി ബാധിച്ചിട്ടില്ല. കൂടുതൽ രോഗികൾക്ക് ഓക്സിജൻ ആവശ്യമായി വരുന്ന സാഹചര്യത്തെ നേരിടാനായി മുൻകരുതലെന്ന നിലയ്ക്കാണ് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ കൂടുതൽ ഹൈ ഫ്ലോ ഓക്സിജൻ ബെഡ്ഡുകൾ സജ്ജമാക്കുന്നത്. സബ് കളക്ടർ എസ്. ഇലക്യയുടെ നേതൃത്വത്തിൽ ജില്ലയിൽ ഓക്സിജൻ ലഭ്യത ഉറപ്പു വരുത്തുന്നതിനായി പ്രത്യേക സംഘം പ്രവർത്തിക്കുന്നുണ്ട്.