ആലപ്പുഴ: കോവിഡിനെ ഭയന്ന് വീടുകളിൽ കഴിയുന്നവർക്ക് ധൈര്യമേകിയും ആശ്വാസം പകർന്നും ജനപ്രതിനിധികളുടെ ഭവന സന്ദർശനം. പി.പി.ഇ. കിറ്റണിഞ്ഞാണ് ജനപ്രതിനിധികളും സംഘവും വീടുകൾ സന്ദർശിച്ചത്. പരിപാടിക്ക് നിയുക്ത എം.എൽ.എ. പി.പി. ചിത്തരഞ്ജൻ, ജില്ല പഞ്ചായത്ത് പ്രസിഡൻ്റ് കെ.ജി. രാജേശ്വരി എന്നിവർ നേതൃത്വം നൽകി.

മുഖ്യമന്ത്രി ഇന്നലെ വൈകിട്ട് നടത്തിയ വാർത്താ സമ്മേളനത്തിലാണ് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ ഭവന സന്ദർശനം നടത്തണമെന്ന് നിർദ്ദേശിച്ചത്.
‘നാടിനായി നമ്മൾ ‘ എന്ന പേരിൽ ആര്യാട് ഗ്രാമ പഞ്ചായത്തിലെ പതിനൊന്നാം വാർഡിലാണ് ഭവന സന്ദർശനം നടത്തിയത്.
12 സംഘങ്ങളായി 440 വീടുകളിലായിരുന്നു സന്ദർശനം. നഴ്സുമാർ, ആരോഗ്യ പ്രവർത്തകർ, പാലിയേറ്റീവ് വോളന്റിയർമാർ എന്നിവരായിരുന്നു സംഘാംഗങ്ങൾ.

കക്ഷി രാഷ്ട്രീയ വ്യത്യാസങ്ങൾ മാറ്റിവച്ച് ഒറ്റക്കെട്ടായി നിന്ന് മഹാമാരിയെ പ്രതിരോധിക്കുകയാണ് ലക്ഷ്യമെന്നും യുവതയുടെ കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും നിയുക്ത എം.എൽ.എ. പി.പി. ചിത്തരജ്ഞൻ പറഞ്ഞു.

ജനങ്ങളുടെ ആശങ്കകൾ അകറ്റുന്നതിനും ആത്മവിശ്വാസം പകരുന്നതിനും ഭവന സന്ദർശനത്തിലൂടെ കഴിഞ്ഞെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി പറഞ്ഞു.
മരുന്ന്, ഭക്ഷണം, വെള്ളം, സാധന സാമഗ്രികൾ തുടങ്ങിയ കാര്യങ്ങൾ ഉറപ്പു വരുത്തിയതായും പ്രസിഡൻ്റ് പറഞ്ഞു.

വരും ദിവസങ്ങളിൽ മറ്റ് പഞ്ചായത്തുകളിലും നാടിനായി നമ്മൾ എന്ന കാമ്പയിൻ നടത്തും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി, ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി. മഹീന്ദ്രൻ,, ജില്ലാ പഞ്ചായത്തംഗവും ജീവതാളം പെയിൻ ആന്റ് പാലിയേറ്റീവ് ജനറൽ കൺവീനറുമായ അഡ്വ. ആർ. റിയാസ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജുമോൻ, വൈസ് പ്രസിഡന്റ് ഷീന സനൽകുമാർ, എം. രജീഷ്, സൂയമോൾ , സന്തോഷ്, ബിപിൻ രാജ്, അശ്വിനി, പുരുഷോത്തമൻ തുടങ്ങിയവർ പങ്കെടുത്തു.
ജില്ലാ പഞ്ചായത്ത്, ആര്യാട് ബ്ലോക്ക് പഞ്ചായത്ത്, ആര്യാട് ഗ്രാമ പഞ്ചായത്ത്, ജീവതാളം പെയിൻ ആന്റ് പാലിയേറ്റീവ് എന്നിവർ സംയുക്തമായിട്ടാണ് നാടിനായി നമ്മൾ കാമ്പയിൻ നടത്തിയത്.