കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങള്‍ നഷ്ടം നികത്തി പ്രവര്‍ത്തന ലാഭത്തിലേക്ക് തിരികയെത്തുകയാണെന്ന് വ്യവസായ മന്ത്രി എ.സി. മൊയ്തീന്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷങ്ങളോടനുബന്ധിച്ച് കുണ്ടറ സിറാമിക്‌സ്, കെല്‍ കമ്പനികളുടെ നവീകരണ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
കഴിഞ്ഞ വര്‍ഷം 106 കോടി രൂപയുടെ ലാഭമുണ്ടാക്കാന്‍ 14 പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് സാധിച്ചു. സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോള്‍ 131 കോടി രൂപ നഷ്ടത്തിലായിരുന്നു കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങള്‍. സിറാമിക്‌സും കെല്ലും അടക്കമുള്ള പൊതുമേഖലാ സ്ഥാപനങ്ങളും ലാഭത്തിലേക്ക് മടങ്ങിയെത്തും.
പൊതുമേഖലയുടെ നവീകരണത്തിന് പിന്തുണ നല്‍കിയും കുടിശികകള്‍ തീര്‍ത്തുനല്‍കിയും വിപുലീകരണത്തിന് സഹായിച്ചും വിപണന തന്ത്രങ്ങളൊരുക്കിയുമുള്ള സംസ്ഥാന സര്‍ക്കാരിന്റെ നടപടികള്‍ ഈ രംഗത്തിന് പുതുജീവന്‍ നല്‍കി.
പൊതുമേഖലയെ കയ്യൊഴിയുന്ന കേന്ദ്ര സര്‍ക്കാര്‍ നയങ്ങളുടെ മുന്നില്‍ പുതിയ സംരക്ഷണ ബദലാണ് കേരളം സൃഷ്ടിക്കുന്നത്. പാലക്കാട് ഇന്‍സ്ട്രുമെന്റേഷന്‍ കമ്പനിയെ കയ്യൊഴിയാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തിനെതിരെ 53 കോടി രൂപ കേന്ദ്രത്തിന് നല്‍കിയാണ് സംസ്ഥാന സര്‍ക്കാര്‍ ഈ സ്ഥാപനത്തെ ഏറ്റെടുക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ സ്വകാര്യവത്കരിക്കാന്‍ ശ്രമിക്കുന്ന കഞ്ചിക്കോട് ബെമല്‍(ബി.ഇ.എം.എല്‍) തൊഴിലാളികളെയും വ്യസായത്തെയും സംരക്ഷിക്കുന്നതിനാണ് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടു വന്നിരിക്കുന്നത്.
നമ്മുടെ അഭിമാനമായ ഹിന്ദുസ്ഥാന്‍ ന്യൂസ്പ്രിന്റ് കേന്ദ്രം പരസ്യലേലത്തിന് വച്ചിരിക്കുന്നു. കൊച്ചിന്‍ ഷിപ്പ് യാര്‍ഡിന്റെ പ്രവര്‍ത്തനങ്ങളിലും പ്രതിസന്ധി സൃഷ്ടിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. ഈ നീക്കങ്ങളെ ചെറുത്ത് പൊതുമേഖലയെ സംരക്ഷിക്കുന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ നയം-മന്ത്രി പറഞ്ഞു.
വ്യവസായ നഗരമെന്ന പ്രതാപത്തിലേക്ക് കുണ്ടറയെ തിരിച്ചെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു.
മുന്‍. എം.എല്‍.എ എന്‍. അനിരുദ്ധന്‍, കൊല്ലം ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജൂലിയറ്റ് നെല്‍സണ്‍, ജില്ലാ പഞ്ചായത്തംഗം ഡോ. കെ. രാജശേഖരന്‍, ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. സന്തോഷ്, മുഖത്തല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. രാജീവ്,  ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമരായ കെ. ബാബുരാജന്‍, എസ്. നാസറുദ്ദീന്‍, സുജാത മോഹന്‍, അലിന്‍ഡ് കുണ്ടറ യൂണിറ്റ് മേധാവി ആര്‍. ശ്രീകുമാര്‍, സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ എസ്.എല്‍. സജികുമാര്‍, സിറാമിക്‌സ് മാനേജിംഗ് ഡയറക്ടര്‍ പി. സതീഷ്‌കുമാര്‍, കെല്‍ മാനേജിംഗ് ഡയറക്ടര്‍ ഷാജി വര്‍ഗീസ്, സിറാമിക്‌സ് ഡയറക്ടര്‍ബോര്‍ഡംഗം സി.ബാള്‍ഡുവിന്‍ രാഷ്ട്രീയ കക്ഷി പ്രതിനിധികളായ മുളവന രാജേന്ദ്രന്‍, വെള്ളിമണ്‍ ദിലീപ്, അഡ്വ. കെ.എന്‍. മോഹന്‍ലാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.