ഇരുപതുലക്ഷം മത്സ്യകുഞ്ഞുങ്ങളുടെ ഉദ്പാദനം ലക്ഷ്യമിടുന്ന കണത്താര്‍കുന്നം മത്സ്യവിത്തുല്‍പ്പാദന കേന്ദ്രം ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്തു. ശുദ്ധജല മത്സ്യകൃഷിക്ക് ഏറ്റവും അനുയോജ്യമായ ജലാശയങ്ങളാണ് പടിഞ്ഞാറേ കല്ലടയിലേതെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ മന്ത്രി പറഞ്ഞു.
മത്സ്യകൃഷിയില്‍ തത്പരരായ യുവാക്കള്‍ സംഘങ്ങള്‍ രൂപീകരിച്ച് മുന്നോട്ടു വന്നാല്‍ സൗജന്യമായി മത്സ്യകുഞ്ഞുങ്ങളെ സര്‍ക്കാര്‍ നല്‍കും. സബ്‌സിഡിയും ലഭ്യമാക്കും. മത്സ്യകൃഷിയിലൂടെ തൊഴിലവസരങ്ങളും മികച്ച വരുമാനവും സൃഷ്ടിക്കാന്‍ കഴിയുമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.
ഒന്നാം ഘട്ടമെന്ന നിലയില്‍ നാലു ടാങ്കുകള്‍, ഫാം ഷെഡ്, അപ്രോച്ച് റോഡ് എന്നിവയാണ് പൂര്‍ത്തിയാക്കിയത്. മത്സ്യ വിത്തുല്‍പ്പാദന കേന്ദ്രത്തിന്റെ രണ്ടാംഘട്ട വികസന പദ്ധതിക്കായി 450 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി മന്ത്രി അറിയിച്ചു.
കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എ അധ്യക്ഷനായി. ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ. സുമ, പടിഞ്ഞാറേ കല്ലട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെ. ശുഭ, വൈസ് പ്രസിഡന്റ് എന്‍. യശ്പാല്‍, അംഗങ്ങളായ വരമ്പേല്‍ ശിവന്‍കുട്ടി, വൈ.എ. സമദ്, സി. ഉഷ, ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പ് ചീഫ് എഞ്ചിനീയര്‍ അനില്‍കുമാര്‍, സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ വി.കെ. ലോട്ടസ്, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ സി.ടി. സുരേഷ്‌കുമാര്‍, വിവിധ രാഷ്ട്രീയ സംഘടനാ പ്രതിനിധികളായ വി. അനില്‍, കെ. മാധവന്‍പിള്ള, കെ.പി. പവിത്രന്‍, ഖാലിദ്കുട്ടി, കോട്ടൂര്‍ നൗഷാദ്, എന്‍. ഓമനക്കുട്ടന്‍പിള്ള, വി. ശശികുമാര്‍, വി. വിജയകുമാര്‍, കഴുവേലില്‍ ബാബു തുടങ്ങിയവര്‍ പങ്കെടുത്തു.