സംസ്ഥാനത്തെ വിവിധ പഞ്ചായത്തുകളിൽ മാവേലി സ്റ്റോറുകൾ തുറക്കുമെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ്, കൺസ്യൂമർ അഫയേഴ്സ് – ലീഗൽ മെട്രോളജി വകുപ്പ് മന്ത്രി പി.തിലോത്തമൻ പറഞ്ഞു. ആലത്തൂർ താലൂക്കിലെ കിഴക്കഞ്ചേരി, വണ്ടാഴി ഗ്രാമപഞ്ചായത്തുകളിലെ മാവേലി സ്റ്റോറുകൾ സപ്ലൈകോ സൂപ്പർമാർക്കറ്റുകളായി ഉയർത്തുന്നതിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. നഗരപ്രദേശങ്ങളിലെ സപ്ലൈകോയുടെ സ്വന്തം സ്ഥലങ്ങളിലെ ഔട്ട്ലെറ്റുകൾ വിപുലമാക്കി പാലും, മുട്ടയും, മത്സ്യ മാംസാദികളും ലഭ്യമാക്കും. കേരളത്തിലെ റേഷൻകടകളിൽ സപ്ലൈകോ ഉത്പന്നങ്ങൾ വിൽപ്പന നടത്താൻ സർക്കാർ നടപടി സ്വീകരിച്ചു വരികയാണെന്ന് മന്ത്രി പറഞ്ഞു. സപ്ലൈകോ മാർക്കറ്റുകളിൽ കൂടി ഇ-പോസ് മെഷീൻ സ്ഥാപിക്കുന്നത് സംബന്ധിച്ച് ആലോചിക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.
1551-ാമത്തെ സപ്ലൈകോ സൂപ്പർ മാർക്കറ്റിന്റെ ഉദ്ഘാടനമാണ് മന്ത്രി നിർവഹിച്ചത്. നിത്യോപയോഗ സാധനങ്ങളുടെ വില നിലവാരം ഉയരാതെ വില കയറ്റം പിടിച്ചു നിർത്താൻ സർക്കാറിന് സാധിച്ചതായി മന്ത്രി പറഞ്ഞു. ഇരു പരിപാടികളിലും കെ.ഡി പ്രസേനൻ എം.എൽ.എ അധ്യക്ഷനായി. നൈനാൻകാട് സൂപ്പർമാർക്കറ്റിലെ ആദ്യവില്പന ആലത്തൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ.ചാമുണ്ണിയും വണ്ടാഴി സൂപ്പർമാർക്കറ്റിലെ ആദ്യവില്പന വണ്ടാഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുമാവലി മോഹൻദാസും നിർവഹിച്ചു. മുൻ റവന്യൂമന്ത്രി കെ.ഇ.ഇസ്മയിൽ, കിഴക്കഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കവിത മാധവൻ, ജില്ലാ പഞ്ചായത്ത് മെമ്പർമാരായ യു.അസീസ്, മീനാകുമാരി. എ.ടി ഔസേപ്പ് തുടങ്ങിയവരും ആലത്തൂർ, നെന്മാറ ബ്ലോക്ക് പഞ്ചായത്ത് പ്രതിനിധികൾ, വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, സപ്ലൈകോ ഉദ്യോഗസ്ഥർ എന്നിവരും പരിപാടിയിൽ പങ്കെടുത്തു.