കൊല്ലം: ദുരന്ത നിവാരണ അതോറിറ്റിയുടെ നിര്‍ദേശപ്രകാരം ജില്ലാ പഞ്ചായത്തിന്റേയും കെ.എം.എം.എല്ലിന്റെയും സഹകരണത്തോടെ ഇന്ന്(മെയ് 10)പ്രവര്‍ത്തനമാരംഭിക്കുന്ന ചവറ ശങ്കരമംഗലത്തെ കോവിഡ് ദ്വിതീയ ചികിത്സാ കേന്ദ്രം ആരോഗ്യരംഗത്തെ മാതൃകാപരമായ ചുവടുവെയ്പ്പിന് ഉദാഹരണമെന്ന് ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍.

കരുനാഗപ്പള്ളി മണ്ഡലത്തിലെ നിയുക്ത എം.എല്‍.എ. സി. ആര്‍. മഹേഷിനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ.ഡാനിയലിനുമൊപ്പം കലക്ടര്‍ ചികിത്സാ കേന്ദ്രം സന്ദര്‍ശിച്ച് അവസാനഘട്ട തയ്യാറെടുപ്പുകള്‍ വിലയിരുത്തി.
കോവിഡ് ചികിത്സയ്ക്ക് ആശ്രയിക്കാവുന്ന സ്ഥാപനമായി കേന്ദ്രത്തെ മാറ്റാന്‍ സാധിക്കും. ചികിത്സാ വേളയില്‍ രോഗികള്‍ക്ക് യാതൊരു ബുദ്ധിമുട്ടുകളും ഉണ്ടാകാത്ത തരത്തില്‍ അടിസ്ഥാന സൗകര്യങ്ങളും സാങ്കേതിക ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. 100 ഐ. സി. യു കിടക്കകള്‍, വെന്റിലേറ്റര്‍ എന്നിവയും സജ്ജീകരിക്കും. തടസ്സരഹിതമായ ഓക്‌സിജന്‍ വിതരണവും കരുതല്‍ ശേഖരവും മൊബൈല്‍ ആംബുലന്‍സ് സംവിധാനങ്ങളും കേന്ദ്രത്തില്‍ ഒരുക്കിയിട്ടുണ്ട്, കലക്ടര്‍ വ്യക്തമാക്കി.

ബോയ്‌സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ 250 ഉം ഗേള്‍സ് ഹൈസ്‌കൂളില്‍ 100 ഉം കിടക്കകളുമാണ് ആദ്യഘട്ടത്തില്‍ ഒരുക്കിയത്. ബോയ്‌സ് സ്‌കൂള്‍ ഗ്രൗണ്ടില്‍ 500 കിടക്കകള്‍ ഉള്‍കൊള്ളുന്ന താത്കാലിക ചികിത്സാ കേന്ദ്രവും കെ.എം.എം.എല്ലിന് എതിര്‍ വശത്തുള്ള റിക്രിയേഷന്‍ ക്ലബ്ബില്‍ 500 കിടക്കകളും ഒരുക്കും.