പത്തനംതിട്ട:    കോവിഡ് വ്യാപനം നിയന്ത്രണ വിധേയമാക്കാന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിച്ചു നടപ്പാക്കുവാന്‍ പൊതുജന പങ്കാളിത്തത്തോടെയുള്ള വിപുലമായ കര്‍മ്മപദ്ധതിക്ക് വെച്ചൂച്ചിറയില്‍ തുടക്കമായി. 15 വാര്‍ഡുകളിലും ജനകീയ ജാഗ്രതാ സമിതികള്‍ രൂപീകരിച്ചു.

രണ്ടു ദിവസം കൊണ്ട് ജാഗ്രതാ സമിതികളുടെ നേതൃത്വത്തില്‍ പഞ്ചായത്തിലെ എല്ലാ കുടുംബങ്ങളിലേയും വിവര ശേഖരണം നടത്തും. വിവര ശേഖരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം വെച്ചൂച്ചിറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ ജെയിംസ് നിര്‍വഹിച്ചു.

ആരോഗ്യ വകുപ്പിന്റെ കോവിഡുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ ലഘു ലേഖകള്‍ എല്ലാ വീടുകളിലും വിതരണം നടത്തി വരുന്നു. ലോക്ഡൗണ്‍ സമയത്ത് പൊതു ജനങ്ങളെ സഹായിക്കുവാന്‍ പ്രത്യേക പരിശീലനം നല്‍കിയ 30 സന്നദ്ധ പ്രവര്‍ത്തകര്‍ ഉള്‍പ്പെടുന്ന ദ്രുത കര്‍മ്മ സേനയുടെ പ്രവര്‍ത്തനവും ഗ്രാമ പഞ്ചായത്തില്‍ ആരംഭിച്ചു. ദ്രുത കര്‍മ്മ സേനയുടെ സേവനം 24 മണിക്കൂറും ലഭ്യമാക്കിയിട്ടുണ്ട്. അടിയന്തര വൈദ്യ സഹായം വീടുകളില്‍ ലഭിക്കുന്നതിലേക്ക് മെഡിക്കല്‍ ടീമിനും രൂപം നല്‍കി.

പഞ്ചായത്തിലെ സ്വകാര്യ ആശുപത്രികളിലെ ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, പഠനം പൂര്‍ത്തിയാക്കിയ നഴ്‌സിങ് വിദ്യാര്‍ഥികള്‍ എന്നിവരടങ്ങിയ മെഡിക്കല്‍ ടീം 24 മണിക്കൂറും പ്രവര്‍ത്തിക്കും.
കോവിഡ് പോസിറ്റീവ് ആയവര്‍, ക്വാറന്റൈനില്‍ കഴിയുന്നവര്‍ എന്നിവര്‍ക്ക് ഭക്ഷണവിതരണവും ഉറപ്പാക്കിവരുന്നു.

ഗ്രാമ പഞ്ചായത്തിലെ വാര്‍ഡ് അംഗങ്ങളുടെയും സന്നദ്ധ പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ കോവിഡ് രോഗികള്‍ക്കും ക്വാറന്റൈനില്‍ ഇരിക്കുന്നവര്‍ക്കും ആയുര്‍വേദ പ്രതിരോധ മരുന്ന് വിതരണം നടത്തി. 80 വയസിന് മുകളില്‍ ഉള്ളവര്‍ക്ക് ഉടന്‍ ആയുര്‍വേദ പ്രതിരോധ മരുന്ന് വിതരണം നടത്താന്‍ ക്രമീകരണങ്ങള്‍ ചെയ്തിട്ടുണ്ട്.

വെച്ചൂച്ചിറ ഗ്രാമപഞ്ചായത്തില്‍ തിങ്കളാഴ്ച (മേയ് 10) രാവിലെ 50 പേര്‍ക്ക് പ്രഭാത ഭക്ഷണവും 60 പേര്‍ക്ക് ഉച്ചഭക്ഷണവും ജനകീയ ഹോട്ടല്‍ വഴി വിതരണം നടത്തി. ഗ്രാമപഞ്ചായത്തില്‍ അര്‍ഹതപ്പെട്ട എല്ലാ വര്‍ക്കും കോവിഡ് വാക്‌സിന്‍ വിതരണം നടത്താന്‍ പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളതായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ ജയിംസ് പറഞ്ഞു