ആലപ്പുഴ: കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി തൈക്കാട്ടുശ്ശേരി ഗ്രാമപഞ്ചായത്തിൽ കോവിഡ് വാർ റൂം തുറന്നു. വാർ റൂമിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡി. വിശ്വംഭരൻ നിർവ്വഹിച്ചു.

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഏകോപനത്തിനും പഞ്ചായത്തിലെ എല്ലാ വിഭാഗം ജനങ്ങൾക്കും അവശ്യഘട്ടത്തിൽ പിന്തുണ ഉറപ്പുവരുത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ വിവിധ വകുപ്പുകളുടെയും വിദഗ്ധരുടേയും നേതൃത്വത്തിലാണ് വാർ റൂം പ്രവർത്തിക്കുക.

ആരോഗ്യസുരക്ഷ, കോവിഡ് പ്രോട്ടോകോൾ പരിപാലനം ഉറപ്പുവരുത്തൽ, മരുന്നുകൾ, ഭക്ഷണം എന്നിവ എത്തിച്ചുനൽകൽ, 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ് ഡസ്‌ക്, ടെലി മെഡിസിൻ സംവിധാനം, കൗൺസലിംഗ് സെൽ, കൊവിഡ് ബ്രിഗേഡ്, സന്നദ്ധ വളന്റിയർമാരുടെ സേവനം എന്നിവയും പഞ്ചായത്തിൽ നടപ്പിലാക്കുന്നുണ്ട്.

തൈക്കാട്ടുശേരി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ തൈക്കാട്ടുശേരി ഗ്രാമപഞ്ചായത്ത് പരിധിയിൽ പ്രാഥമിക ചികിത്സാ കേന്ദ്രം തുറക്കുന്നതിനായി യുദ്ധകാലാടിസ്ഥാനത്തിലുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. കൂടുതൽ ആന്റിജൻ പരിശോധനകൾ നടത്തുന്നതിനായി ടെസ്റ്റ് കിറ്റുകളും ലഭ്യമാക്കിയിട്ടുണ്ട്. തൈക്കാട്ടുശ്ശേരി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ കോവിഡ് ക്ലിനിക് തുടങ്ങുന്നതും പരിഗണനയിലാണ്.

പഞ്ചായത്തിലെ കോവിഡ് രോഗികൾക്കും ക്വാറന്റൈനിൽ കഴിയുന്നവർക്കും ജനകീയ ഹോട്ടൽ വഴി സൗജന്യ ഭക്ഷണമെത്തിക്കാനുള്ള പദ്ധതി യ്ക്ക് ഇന്ന് (ബുധനാഴ്ച) തുടക്കമാകും. കൺട്രോൾ റൂം, ഹെൽപ് ഡെസ്‌ക് എന്നിവയിലൂടെ ജനങ്ങൾ ആവശ്യപ്പെടുന്ന സഹായങ്ങൾ സന്നദ്ധ സേന വഴിയും പഞ്ചായത്ത് അംഗങ്ങൾ വഴിയും ലഭ്യമാക്കുന്നുണ്ടെന്നും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമായി നടത്തുന്നുണ്ടെന്നും പ്രസിഡന്റ് ഡി. വിശ്വംഭരൻ പറഞ്ഞു.