കോഴിക്കോട്:   കോവിഡ് രോഗികൾക്കും രോഗലക്ഷണമുള്ളവർക്കും ആരോഗ്യ പ്രശ്നങ്ങൾ സംബന്ധിച്ച ആശങ്ക അകറ്റാനും ചികിത്സക്കുമായി ജില്ലയിൽ ടെലി മെഡിസിൻ സേവനം.
ആരോഗ്യവകുപ്പും ജില്ലാ ഭരണകൂടവും ചേർന്ന് ആരംഭിച്ച സേവനത്തിലൂടെ കോവിഡ് രോഗികൾക്കും രോഗസാധ്യത ഉള്ളവർക്കും ആശുപത്രിയിൽ പോകാതെ തന്നെ ഡോക്ടർമാരുമായി നേരിട്ട് സംവദിക്കുകയും തുടർ ചികിത്സ നേടുകയും ചെയ്യാം.

ആശുപത്രിയിൽ പോയി ചികിത്സ തേടുന്നതിനുള്ള ബുദ്ധിമുട്ടുകൾ ഇതിലൂടെ ഒഴിവാക്കാനാവും.
രോഗ പ്രശ്നങ്ങൾ, ശാരീരിക ബുദ്ധിമുട്ടുകൾ തുടങ്ങി രോഗിയുടെ എല്ലാ അസുഖങ്ങൾക്കും ടെലി മെഡിസിൻ സംവിധാനത്തിലൂടെ ഡോക്ടർമാരുടെ സേവനം ലഭിക്കും. വാട്‌സ്ആപ്പ് വോയ്സ്, വീഡിയോ കാൾ വഴി ഡോക്ടർ നേരിട്ട് സംസാരിക്കും. രോഗിയിൽ നിന്നും രോഗസ്ഥിതി മനസിലാക്കി ഡോക്ടർ മരുന്നുകളുടെ കുറിപ്പ് ഫോണിലേക്ക് അയക്കും.

സമ്പർക്ക പട്ടികയിൽ ഉൾപ്പെടുന്നവർക്ക് അവർ തുടർന്ന് സ്വീകരിക്കേണ്ട മാർഗങ്ങൾ സംബന്ധിച്ചും അടിയന്തര ഘട്ടമെങ്കിൽ ഹോസ്പിറ്റൽ, ട്രയേജ് സെന്റർ എന്നിവയിലേക്ക് മാറ്റാനും നിർദ്ദേശം നൽകും.8593000424, 8593000425, 8593000426 എന്നി നമ്പറുകളിൽ ബന്ധപ്പെടാം.
എല്ലാദിവസവും മുഴുവൻ സമയവും സേവനം ലഭ്യമാകും. ദിവസേന 50 ലധികം പേരാണ് സേവനം ഉപയോഗപ്പെടുത്തുന്നത്.