പത്തനംതിട്ട: കോവിഡ് പ്രതിരോധത്തിന് ഊരുകളില്‍
ജാഗ്രത സമിതികള്‍ സജീവം

പത്തനംതിട്ട ജില്ലയില്‍ ആദിവാസി ഊരുകളില്‍ കോവിഡ് കാലത്തും ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുകയാണ് ജില്ലാ ഭരണകേന്ദ്രം വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍. സൗജന്യ റേഷന്‍, സ്പെഷ്യല്‍ കിറ്റ് ലഭ്യത, വിതരണം എന്നിവ സിവില്‍ സപ്ലൈസ്, ട്രൈബല്‍ ഡെവലപ്മെന്റ് എന്നീ വകുപ്പുകള്‍ ഉറപ്പുവരുത്തുന്നു. കണ്ടെയ്ന്‍മെന്റ് സോണില്‍ ഉള്ളവരുടെ ഭക്ഷ്യധാന്യങ്ങള്‍ പ്രൊമോട്ടര്‍മാര്‍ നേരിട്ട് റേഷന്‍ കടകളില്‍ നിന്നും ശേഖരിച്ചു വീടുകളില്‍ എത്തിച്ചു നല്‍കിവരുന്നു.

ഭക്ഷ്യ സുരക്ഷാ പദ്ധതി പ്രകാരം പോഷകാഹാര വിതരണം ജൂണ്‍ മാസത്തില്‍ ട്രൈബല്‍ ഡെവലപ്മെന്റ് വകുപ്പിന്റെ നേതൃത്വത്തില്‍ ഊരുകളില്‍ പ്രൊമോട്ടര്‍മാര്‍ വിതരണം ചെയ്യുമെന്ന് ജില്ലാ ട്രൈബല്‍ ഡെവലപ്മെന്റ ഓഫീസര്‍ എസ്.എസ് സുധീര്‍ പറഞ്ഞു. ഇത്തരത്തില്‍ 2057 കിറ്റുകളാണ് വിതരണം ചെയ്യുക. ട്രൈബല്‍ ഡെവലപ്മെന്റ വകുപ്പ് ഉദ്യോഗസ്ഥരും 47 പ്രൊമോട്ടര്‍മാരും ഫീല്‍ഡില്‍ സജീവമാണ്.

നിര്‍ധനരായ കുടുംബങ്ങള്‍ക്ക് ഹോര്‍ട്ടിക്കോര്‍പ് മുഖേന സവാള, ഉരുളക്കിഴങ്ങ്, ചെറിയ ഉള്ളി, വെളുത്തുള്ളി, ബീറ്റ്റൂട്ട്, ക്യാരറ്റ്, ബീന്‍സ്, തക്കാളി, മുളക് തുടങ്ങി ഒന്‍പതിന പച്ചക്കറി കിറ്റ് വിതരണവും നടന്നുവരുന്നു. രോഗം ബാധിക്കുകയോ നിരീക്ഷണത്തിലാകുകയോ കണ്ടെയ്ന്‍മെന്റ് സോണില്‍ ഉള്ളതോ ആയ കുടുംബങ്ങള്‍ക്ക് ഭക്ഷ്യധാന്യ കിറ്റ് വീടുകളില്‍ എത്തിച്ചു നല്‍കുന്നു.

ഊരുതലങ്ങളില്‍ ജാഗ്രതാ സമിതികള്‍ രൂപീകരിച്ചു കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. അനാവശ്യമായി മറ്റുള്ളവര്‍ ഊരുകളില്‍ പ്രവേശിക്കുന്നതിനു കര്‍ശന വിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഊരുകളില്‍ പ്രത്യേക വാക്‌സിനേഷന്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കും. എല്ലാ ആശുപത്രികളിലും ആദിവാസി വിഭാഗങ്ങള്‍ക്ക് സൗജന്യ ചികിത്സ ലഭ്യമാണ്. ചികിത്സയ്ക്ക് ചിലവാകുന്ന വാഹന വാടക അടക്കമുള്ള മുഴുവന്‍ തുകയും വകുപ്പ് അനുവദിച്ചു നല്‍കും.

ട്രൈബല്‍ ഡെവലപ്മെന്റ് വകുപ്പിന്റ മൊബൈല്‍ മെഡിക്കല്‍ യൂണിറ്റ് എല്ലാ ഊരുകളിലും ഭവന സന്ദര്‍ശനം നടത്തി അവബോധ ക്ലാസുകള്‍, അവശ്യ മരുന്നുകള്‍ എന്നിവ നല്‍കി വരുന്നു. കൂടാതെ റെഡ് ക്രോസ്സ് സൊസൈറ്റി വകുപ്പിനോട് ചേര്‍ന്ന് ഊരുകളില്‍ സേവനം ചെയ്യുന്നുണ്ട്. കിടപ്പു രോഗികള്‍ക് മരുന്നുകള്‍ പ്രൊമോട്ടര്‍മാര്‍ വഴി ഊരുകളില്‍ എത്തിച്ചു നല്‍കുന്നു.

ഊരുകളിലെ കോവിഡ് പതിരോധ പ്രവര്‍ത്തനങ്ങള്‍, ഭക്ഷ്യ സുരക്ഷ തുടങ്ങിയ വിഷയങ്ങള്‍ എല്ലാ ദിവസവും ജില്ലാ കളക്ടര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍, ജില്ലാ ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസര്‍, ജില്ലാ സപ്ലൈ ഓഫീസര്‍, മറ്റ് വകുപ്പ് ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ എന്നിവരുടെ നേതൃത്വത്തില്‍ അവലോകനം നടത്തിവരുന്നു