ജില്ലയിൽ അതിശക്തമായ മഴ സാധ്യത; ദുരിതാശ്വാസ
പ്രവർത്തനങ്ങൾക്ക് യുദ്ധകാലാടിസ്ഥാനത്തിൽ നടപടി

24 മണിക്കൂറും പ്രവർത്തിക്കുന്ന താലൂക്കുതല കൺട്രോൾ റൂമുകൾ തുറന്നു

ആലപ്പുഴ: അറബിക്കടലിൽ രൂപംകൊള്ളുന്ന ന്യൂനമർദ്ദത്തെത്തുടർന്ന് മേയ് 13ന് യെല്ലോ അലേർട്ടും മേയ് 14, 15 തീയതികളിൽ ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചിട്ടുള്ളതിനാൽ അതിശക്തമായ മഴയെയും ദുരന്തങ്ങളെയും നേരിടാൻ യുദ്ധകാലാടിസ്ഥാനത്തിൽ നടപടികൾ ആരംഭിച്ചതായി ജില്ല കളക്ടർ എ. അലക്‌സാണ്ടർ പറഞ്ഞു.
അതിശക്തമായ മഴയുണ്ടായാൽ നദികളിലെയും ജലാശയങ്ങളിലെയും ജലനിരപ്പുയരാനിടയുണ്ട്. എല്ലാ താലൂക്കുകളിലും കളക്ടറേറ്റിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ തുറന്നു. ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് പ്രത്യേക ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി കോവിഡ് രോഗികളെയും വീടുകളിൽ നിരീക്ഷണത്തിൽ ഇരിക്കുന്നവരെയും കിടപ്പു രോഗികളെയും പുനരധിവസിപ്പിക്കേണ്ടി വന്നാൽ പ്രവർത്തനം ഏകോപിപ്പിക്കുന്നതിന് സബ് കളക്ടർ, ജില്ല മെഡിക്കൽ ഓഫീസർ, എൻ.എച്ച്.എം. പ്രോഗ്രാം മാനേജർ എന്നിവരെ ചുമതലപ്പെടുത്തി.
താലൂക്ക് തലത്തിൽ ദുരിതാശ്വാസ പ്രവർത്തനം ഏകോപിപ്പിക്കുന്നതിന് ഉദ്യോഗസ്ഥർക്ക് ചുമതല നൽകി. എസ്. ഇലക്യ, സബ്കളക്ടർ (അമ്പലപ്പുഴ താലൂക്ക്-ഫോൺ: 9447495002), ജെ. മോബി, ഡെപ്യൂട്ടി കളക്ടർ(മാവേലിക്കര-8547610045), അലക്‌സ് ജോസഫ്, ഡെപ്യൂട്ടി കളക്ടർ ജനറൽ(കുട്ടനാട്-9447495001), സന്ധ്യദേവി, ഡെപ്യൂട്ടി കളക്ടർ(ചേർത്തല-8547610046), സാജിദ ബീഗം, ആർ.ഡി.ഒ.(ചെങ്ങന്നൂർ-9447495003), അലക്‌സ് പി. തോമസ്, ഡെപ്യൂട്ടി കളക്ടർ(കാർത്തികപ്പള്ളി-8547610043) എന്നിവർക്കാണ് ചുമതല.
ദുരിതാശ്വാസ ക്യാമ്പ് ആരംഭിക്കൽ, മെഡിക്കൽ ക്യാമ്പ് എന്നിവയടക്കം വിവിധ ചുമതലകൾ നിർവഹിക്കുന്നതിന് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി ഉത്തരവായി. കാലവർഷവുമായി ബന്ധപ്പെട്ട് അടിയന്തര നടപടികൾ സ്വീകരിക്കുന്നതിന് വിവിധ വകുപ്പുകൾക്ക് കഴിഞ്ഞദിവസം കളക്ടർ നിർദേശം നൽകിയിരുന്നു. ഗ്രാമപഞ്ചായത്തുകളിൽ ദുരന്തനിവാരണസമിതികൾ കൂടുന്നതിന് നടപടി സ്വീകരിക്കുന്നതിന് നിർദേശം നൽകാൻ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറെ ചുമതലപ്പെടുത്തിയിരുന്നു.