എറണാകുളം : കൊച്ചി താലൂക്കിൽ ന്യൂന മർദ്ദം – മൺസൂൺകാല മുന്നൊരുക്കം അടിയന്തര യോഗം ചേർന്നു. .മെയ് 14 , 15 തീയതികളിൽ ജില്ലയിൽ ഓറഞ്ച് അലെർട് പ്രഖ്യാപിച്ചതിന്റെ അടിസ്ഥാനത്തിലാണ് യോഗം ചേർന്നത് . നിലവിലെ കോവിഡ് രോഗ വ്യാപനം കണക്കിലെടുത്തു താലൂക് തലത്തിൽ സ്വീകരിക്കേണ്ട നടപടികളും യോഗം ചർച്ച ചെയ്തു .
ന്യൂനമർദ്ദത്തോട് അനുബന്ധിച്ചു ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിക്കുമ്പോൾ മൺസൂൺ കാലവർഷം കൂടി കണക്കിലെടുത്തു ക്രമീകരണങ്ങൾ ഒരുക്കാൻ കൊച്ചി താലൂക്ക് ഐ ആർ എസ് റെസ്പോൺസിബിൾ ഓഫീസറായ ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ ജിയോ ടി മനോജ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി . അഗ്നിശമനസേനയും കെ എസ് ഇ ബി യും ചേർന്ന് മരങ്ങൾ വീണുണ്ടാകുന്ന മാർഗ്ഗ തടസ്സങ്ങൾ നീക്കി ഗതാഗതം സുഗമമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണം.
ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രി കോവിഡ് ആശുപത്രിയാക്കിയതിനാൽ കോവിഡ് ഇതര രോഗികളെ മറ്റു ആശുപത്രികളിലേക്ക് കൊണ്ടുപോകണം . താലൂക്ക് ഓഫീസിൽ പോലീസ്, ആരോഗ്യം, തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങൾ എന്നിവരെ ഉൾപ്പെടുത്തി കണ്ട്രോൾ റൂം ആരംഭിക്കും. ചെല്ലാനം, സൗദി എന്നിവിടങ്ങളിൽ വെള്ളം കയറി തുടങ്ങിയതിനാലും ഈ പ്രദേശത്തു കോവിഡ് അതിവ്യാപനമുള്ളതിനാലും കൂടുതൽ ക്യാമ്പുകൾ ഒരുക്കും. കുടിവെള്ള വിതരണം തടസ്സപ്പെടാതിരിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കാനും ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി .
കൊച്ചി താലൂക്ക് ഐ ആർ എസ് റെസ്പോൺസിബിൾ ഓഫീസറായ ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ ജിയോ ടി മനോജിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തഹസിൽദാർ ബെന്നി സെബാസ്റ്റ്യൻ , തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാർ , ബ്ലോക്ക് ഡവലപ്മെന്റ് ഓഫീസർമാർ, വില്ലേജ് ഓഫീസർമാർ , കെ എസ് ഇ ബി ,പോലീസ് , അഗ്നിശമന സേന തുടങ്ങിയ വിവിധ വകുപ്പ് ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു .