പട്ടികവർഗ വികസന വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന മോഡൽ റെസിഡൻഷ്യൽ സ്‌കൂൾ, ഹോസ്റ്റൽ വിദ്യാർഥികളുടെ സംസ്ഥാനതല കലാമേള ‘സർഗോത്സവം 2025 ന് വർണാഭമായ സമാപനം. കണ്ണൂർ കലക്ടറേറ്റ് മൈതാനിയിൽ പട്ടികജാതി പട്ടികവർഗ പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പുമന്ത്രി ഒ.ആർ കേളു സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിൽ മികച്ച മുന്നേറ്റം നേടാൻ പട്ടികവർഗ വിഭാഗക്കാർക്ക് സാധിച്ചിട്ടുണ്ടെന്നും എന്നാൽ ഉന്നത വിദ്യാഭ്യാസം ഉറപ്പാക്കാൻ വിദ്യാർഥികൾ പ്രയത്‌നിക്കണമെന്നും മന്ത്രി പറഞ്ഞു.
വിദ്യാഭ്യാസ മേഖലക്ക് കരുത്ത് പകരാനാണ് കലാ-കായിക മേളകൾ വകുപ്പ് സംഘടിപ്പിക്കുന്നത്. വിദ്യാർഥികളിൽ അന്തർലീനമായ സർഗവാസനകൾ പുറത്തെടുത്ത് കേരളത്തിന്റെ സാംസ്‌കാരിക മേഖലയിലേക്ക് ഇവരെ ഉയർത്തുകയാണ് സർക്കാരിന്റെ ലക്ഷ്യം. പട്ടിക വർഗ വിഭാഗത്തിന്റ അടിസ്ഥാന പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനോടൊപ്പം കലാ-കായിക-സംസ്‌കാരിക ഉന്നമനം ലക്ഷ്യം വെച്ചാണ് സംസ്ഥാന സർക്കാർ പ്രവർത്തിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
മത്സര വിജയികൾക്ക് ചടങ്ങിൽ സമ്മാനങ്ങൾ വിതരണം ചെയ്തു. പട്ടികവർഗ വികസന വകുപ്പിന് കീഴിലുള്ള 22 മോഡൽ റസിഡൻഷ്യൽ സ്‌കൂളിലെയും 120 ഹോസ്റ്റലുകളിലെയും 1500 ലധികം വിദ്യാർഥികൾ കലാമേളയിൽ പങ്കെടുത്തു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ ബിനോയ് കുര്യൻ അധ്യക്ഷനായി. കണ്ണൂർ കോർപ്പറേഷൻ കൗൺസിലർ അഡ്വ. ലിഷാ ദീപക്, പട്ടിക വർഗ വികസന വകുപ്പ് ജോയിന്റ് ഡയറക്ടർ കെ എസ് ശ്രീരേഖ, ജില്ലാ പ്ലാനിംഗ് ഓഫീസർ നെനോജ് മേപ്പടിയത്ത്, ഐ.ടി.ഡി.പി പ്രോജക്ട് ഓഫീസർ ആർ രാജേഷ്‌കുമാർ എന്നിവർ പങ്കെടുത്തു.
