തെക്ക് കിഴക്കൻ അറബിക്കടലിൽ ന്യൂനമർദം രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

വരും മണിക്കൂറുകളിൽ ലക്ഷദ്വീപിനടുത്തായി കൂടുതൽ ശക്തിപ്രാപിക്കുകയും മെയ് 15 നോട് കൂടി ഒരു തീവ്ര ന്യൂനമർദമായി മാറാനും മെയ് 16 നോട് കൂടി ചുഴലിക്കാറ്റായി മാറാനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻറെ ചുഴലിക്കാറ്റ് നിരീക്ഷണ കേന്ദ്രം അറിയിച്ചു. ചുഴലിക്കാറ്റായി മാറിയ ശേഷം വടക്ക്, വടക്ക് -പടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുമെന്നും 18 നോട്‌ കൂടി ഗുജറാത്ത്‌ തീരത്തിനടുത്തെത്തുമെന്നുമാണ് പ്രതീക്ഷിക്കപ്പെടുന്നത്.

നിലവിൽ പ്രവചിക്കപ്പെടുന്ന ന്യൂനമർദത്തിന്റെ സഞ്ചാരപഥത്തിൽ കേരളം ഉൾപ്പെടുന്നില്ല. എന്നിരുന്നാലും ന്യൂനമർദത്തിന്റെ സഞ്ചാരപഥം കേരള തീരത്തോട് വളരെ അടുത്ത് നിൽക്കുന്നതിനാൽ കേരളത്തിൽ മെയ് 13 മുതൽ 16 വരെയുള്ള ദിവസങ്ങളിൽ അതിതീവ്രമോ അതിശക്തമായതോ ആയ മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച് , യെല്ലോ അലെർട്ടുകൾ പ്രഖ്യാപിച്ചു.

കടലാക്രമണം, ശക്തമായ ഇടിമിന്നൽ തുടങ്ങിയ അപകട സാധ്യതകളെ സംബന്ധിച്ചും ജാഗ്രത പാലിക്കണം.

ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കേരള തീരത്ത് കടലിൽ പോകുന്നതിന് ദുരന്ത നിവാരണ അതോറിറ്റി പൂർണ്ണ വിലക്കേർപ്പെടുത്തി.

ന്യൂനമർദത്തിന്റെ വികാസവും സഞ്ചാരപഥവും കേന്ദ്ര കാലാവസ്ഥ വകുപ്പും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണ്. കൃത്യമായ ഇടവേളകളിൽ വരുന്ന മാറ്റങ്ങൾ അപ്‌ഡേറ്റ് ചെയ്യുന്നതാണ്.


അവലംബം: കേന്ദ്ര കാലാവസ്ഥ വകുപ്പിൻറെ പ്രത്യേക ബുള്ളറ്റിൻ നമ്പർ – 3

(IMD-KSEOC-KSDMA)
(പുറപ്പെടുവിച്ച സമയം : 2021 മെയ് 13 , 5.30 PM)