ആലപ്പുഴ: അറബിക്കടലിലെ ന്യൂനമർദത്തെത്തുടർന്ന് ജില്ലയിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി ജനപ്രതിനിധികളുടെ യോഗം ഓൺലൈനായി ചേർന്നു. ജില്ല കളക്ടർ എ. അലക്‌സാണ്ടറുടെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്. എം.പി., നിയുക്ത എം.എൽ.എ.മാർ, ജില്ല പഞ്ചായത്ത് പ്രസിഡന്റ്, പഞ്ചായത്ത് പ്രസിഡന്റുമാർ എന്നിവർ പങ്കെടുത്തു.
ജില്ലയിലെ കടലാക്രമണമടക്കമുള്ള വിവിധ വിഷയങ്ങൾ യോഗം ചർച്ച ചെയ്തു. തോട്ടപ്പള്ളി സ്പിൽവേയിലെ മണൽനീക്കാനുള്ള പ്രവർത്തനം ആരംഭിച്ചതായും ഷട്ടറുകൾ തുറന്നതായും ജില്ല കളക്ടർ പറഞ്ഞു. തണ്ണീർമുക്കം ഷട്ടറുകളും ഉയർത്തിത്തുടങ്ങി. അതിശക്തമായ മഴയും കടലാക്രമണവുമുണ്ടായാൽ അപകടമേഖലയിൽനിന്ന് ജനങ്ങളെ മാറ്റിപ്പാർപ്പിക്കാൻ പഞ്ചായത്ത് പ്രസിഡന്റുമാർ മുൻകൈയെടുക്കണം. കോവിഡ് മാർഗനിർദേശങ്ങൾ പാലിച്ച് ക്യാമ്പ് നടത്തേണ്ടതിനാൽ കൂടുതൽ സ്ഥലങ്ങൾ ക്യാമ്പിനായി കണ്ടെത്തിവയ്ക്കണം. ജില്ലയിലും എല്ലാ താലൂക്കുകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം ആരംഭിച്ചിട്ടുണ്ട്. വിവിധ സ്ഥലങ്ങളിൽ താൽക്കാലികമായി സ്ഥാപിച്ചിട്ടുള്ള ബണ്ടുകൾ അടിയന്തരമായി നീക്കം ചെയ്യാൻ ഇറിഗേഷൻ വകുപ്പിന് കളക്ടർ നിർദേശം നൽകി. പാടങ്ങളിലെ വെള്ളക്കെട്ടുമൂലമുള്ള ദുരിതം ഒഴിവാക്കാൻ ആവശ്യമായ സ്ഥലങ്ങളിൽ അടിയന്തരമായി മോട്ടോർ പമ്പുകൾ നൽകാൻ പ്രിൻസിപ്പൽ കൃഷി ഓഫീസറോട് നിർദേശിച്ചു. പഞ്ചായത്തുകൾക്ക് രണ്ടു ലക്ഷം രൂപ വീതം അനുവദിച്ചതായും അദ്ദേഹം പറഞ്ഞു.
കടൽക്ഷോഭം മൂലം വീടുകൾ നഷ്ടപ്പെടുത്ത സ്ഥിതിയുണ്ടാകാതിരിക്കാൻ അടിയന്തരനടപടി വേണമെന്നും പൊഴികളിലെ നീരൊഴുക്ക് ശക്തമാക്കാനുള്ള നടപടി സ്വീകരിക്കണമെന്നും അഡ്വ. എ.എം. ആരിഫ് എം.പി. ആവശ്യപ്പെട്ടു. മുൻകൂട്ടി നടപടികൾ സ്വീകരിക്കുന്നതിന് ഇറിഗേഷൻ വകുപ്പിന് സാധിക്കുന്നില്ലെന്നും ദുരിതാശ്വാസനടപടികൾ യുദ്ധകാലാടിസ്ഥാനത്തിൽ വേണമെന്നും അദ്ദേഹം പറഞ്ഞു.
പുളിക്കീഴ് സ്ഥാപിച്ചിട്ടുള്ള ബണ്ട് മാറ്റുന്നതിനുള്ള പ്രവൃത്തികൾ അന്തിമഘട്ടത്തിലാണെന്ന് ഇറിഗേഷൻ ഉദ്യോഗസ്ഥർ യോഗത്തെ അറിയിച്ചു. കടലാക്രമണ ഭീഷണി നേരിടുന്ന സ്ഥലങ്ങളിൽ അടിയന്തരമായി മണൽച്ചാക്കുകൾ സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കാൻ നിർദേശം നൽകി. വീടുകൾക്ക് ഭീഷണിയുള്ള സ്ഥലങ്ങളിൽ അവ സംരക്ഷിക്കുന്നതിന് കല്ല് ഇറക്കുന്നതിനുള്ള നടപടി സ്വീകരിക്കാനും നിർദേശിച്ചു. മഴക്കാലം നേരിടുന്നതിനായി ആക്ഷൻ പ്ലാൻ തയാറാക്കി പ്രവർത്തിക്കണമെന്ന് നിയുക്ത എം.എൽ.എ. രമേശ് ചെന്നിത്തല പറഞ്ഞു. പുളിക്കീഴ് ബണ്ട് തുറക്കണം, വലിയഴീക്കൽ പ്രദേശത്തെ വെള്ളക്കെട്ട് മാറ്റുന്നതിന് മണ്ണുമാറ്റാനുള്ള നടപടിയെടുക്കണം, മംഗലം, നല്ലാനിക്കൽ, പലലന, മധുക്കൽ എന്നിവിടങ്ങളിൽ മണൽചാക്ക് അടിയന്തരമായി സ്ഥാപിച്ച് കടലാക്രമണം തടയണം. കുടിവെള്ള വിതരണം കൃത്യമായി ഉറപ്പാക്കാൻ ജല അതോറിറ്റിക്ക് നിർദേശം നൽകണം തുടങ്ങിയ ആവശ്യങ്ങൾ അദ്ദേഹം ഉന്നയിച്ചു.
കടക്കരപ്പള്ളി ഒറ്റമശ്ശേരി, പട്ടണക്കാട്, അന്ധകാരനഴി എന്നിവിടങ്ങളിൽ രൂക്ഷമായ കടലാക്രമണം നേരിടുന്നതായും നിരവധി വീടുകൾ അപകടനിലയിലാണെന്നും നിയുക്ത എം.എൽ.എ. പി. പ്രസാദ് പറഞ്ഞു. വീടുകൾ സംരക്ഷിക്കാൻ കല്ല് ഇറക്കുന്നതിനൊപ്പം ജിയോ ബാഗുകൾ സ്ഥാപിക്കാനും നടപടിവേണമെന്നും ശാസ്ത്രീയമായ നിർമാണ പ്രവർത്തനങ്ങളേ തീരമേഖലയിൽ നടത്താവൂവെന്നും അദ്ദേഹം പറഞ്ഞു.
ചേന്നവേലി, ഒറ്റമശ്ശേരി അടക്കം വിവിധ സ്ഥലങ്ങളിൽ പതിനഞ്ചോളാം വീടുകൾ കടലെടുക്കുന്ന സ്ഥിതിയിലാണെന്നും അടിയന്തര നടപടി വേണമെന്നും നിയുക്ത എം.എൽ.എ. പി.പി. ചിത്തരഞ്ജൻ പറഞ്ഞു. പ്രകൃതിക്ഷോഭം മൂലം നാശനഷ്ടമുണ്ടായവരുടെ നഷ്ടം തിട്ടപ്പെടുത്തി അടിയന്തര സഹായമെത്തിക്കാൻ നടപടി വേണമെന്നും അദ്ദേഹം പറഞ്ഞു.
അമ്പലപ്പുഴ മണ്ഡലത്തിലെ ചില കിഴക്കൻ പ്രദേശങ്ങളിൽ വെള്ളക്കെട്ടുമൂലം ജനങ്ങൾ ബുദ്ധിമുട്ടുകയാണെന്നും പാടശേഖരങ്ങളിൽനിന്ന് വെള്ളം വറ്റിക്കുന്നതിന് അടിയന്തരമായി പമ്പുകൾ അനുവദിക്കണമെന്നും നിയുക്ത എം.എൽ.എ. എച്ച്. സലാം ആവശ്യപ്പെട്ടു. പുന്നപ്ര തെക്ക്, പുറക്കാട്, അമ്പലപ്പുഴ പഞ്ചായത്തുകളിലെ തീരമേഖലയിൽ കടലേറ്റം രൂക്ഷമാണ്. വീടുകൾക്ക് ഭീഷണിയായിട്ടുണ്ട്. പുന്തലയിലും വിയാനിയിലും കടലേറ്റം രൂക്ഷമാണെന്നും വേഗമാർന്ന നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
തീരമേഖലയിൽ മണൽഭിത്തികൾ കടലെടുക്കുന്ന സ്ഥിതിയുണ്ടെന്നും പലയിടങ്ങളിലും വെള്ളക്കെട്ട് രൂക്ഷമാണെന്നും പരിഹാരനടപടികൾ അടിയന്തരമായി നടപ്പാക്കണമെന്നും നിയുക്ത എം.എൽ.എ. ദലീമ ജോജോ പറഞ്ഞു. പല സ്ഥലങ്ങളിലും തോടുകളിൽ നീരൊഴുക്കില്ല. വെള്ളം കെട്ടിക്കിടക്കുന്ന സ്ഥിതിയുണ്ട്. നീരൊഴുക്ക് ശക്തമാക്കാനുള്ള നടപടി വേണമെന്നും അവർ പറഞ്ഞു.
കായംകുളം മലയൻ കനാലിലെ നീരൊഴുക്ക് ശക്തമാക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും തോട്ടപ്പള്ളി ഷട്ടറുകൾ ഫലപ്രദമായി പ്രവർത്തിപ്പിക്കുന്നതിന് ശ്രദ്ധചെലുത്തണമെന്നും നിയുക്ത എം.എൽ.എ. അഡ്വ. യു. പ്രതിഭ പറഞ്ഞു.
പൊഴികളുടെ ആഴംകൂട്ടാനുള്ള നടപടികൾ ഇറിഗേഷൻ വകുപ്പ് സ്വീകരിക്കണമെന്നും കുടിവെള്ളവിതരണം കൃത്യമായി നടത്താൻ ജലഅതോറിറ്റി നടപടിയെടുക്കണമെന്നും ജില്ല പഞ്ചായത്ത് പ്രസിഡന്റ് ആർ. രാജേശ്വരി ആവശ്യപ്പെട്ടു.
തീരദേശ പഞ്ചായത്തുകളിലെ പ്രസിഡന്റുമാർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരും യോഗത്തിൽ സംസാരിച്ചു