എറണാകുളം:   കനത്ത മഴയെ തുടർന്നുള്ള അടിയന്തിര സാഹചര്യം നേരിടാൻ ജില്ലാ മെഡിക്കൽ ഓഫീസറുടെ അദ്ധ്യക്ഷതയിൽ ജില്ലാ പ്രോഗ്രാം ഓഫീസർമാരുടെയും, ദ്രുതകർമ്മ സേനയുടെയും, സർവെയ്‌ലൻസ് യൂണിറ്റിന്റെയും, ആരോഗ്യ സ്ഥാപനങ്ങളിലെ സൂപ്രണ്ട് / മെഡിക്കൽ ഓഫീസർമാരുടെയും അടിയന്തിര യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി ആവശ്യമായ നിർദ്ദേശങ്ങൾ നൽകി.

• വെള്ളപ്പൊക്ക സാദ്ധ്യതയും, കടലാക്രമണവും, കിഴക്കൻ മേഖലകളിൽ മലയിടിച്ചിൽ സാദ്ധ്യതയും കണക്കിലെടുത്ത് ഏത് അടിയന്തിര സാഹചര്യവും നേരിടുവാൻ ആശുപത്രികൾ സജ്ജമായിരിക്കണം. എല്ലാ ആരോഗ്യ സ്ഥാപനങ്ങളും അതാത് പ്രദേശത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ദ്രുത കർമ്മസേനയുടെ യോഗം ചേർന്ന് അടിയന്തിര നടപടികൾ സ്വീകരിക്കേണ്ടതാണ്

• വെള്ളം കയറുവാൻ സാദ്ധ്യതയുള്ള സ്ഥാപനങ്ങളിൽ നിന്നും മരുന്നുകൾ, ഉപകരണങ്ങൾ, രെജിസ്റ്ററുകൾ തുടങ്ങിയവ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റുന്നതിനും, എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും, കോവിഡ് ചികിത്സാ കേന്ദ്രങ്ങളിലും ഫയർ ഓഡിറ്റ് ചെയുന്നതിനുള്ള നടപടികൾ സ്വീകരിക്കണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ കോവിഡ് ചികിത്സാ കേന്ദ്രങ്ങളിൽ ആംബുലൻസ് സൗകര്യം ഉറപ്പുവരുത്തേണ്ടതാണ്

• എല്ലാ ആരോഗ്യസ്ഥാപനങ്ങളിലും അത്യാവശ്യം മരുന്നുകൾ കരുതേണ്ടതും, ഉപകരണങ്ങൾ പ്രവർത്തനക്ഷമമാണോയെന്ന് പരിശോധിക്കേണ്ടതുമാണ്.
• എല്ലാ പ്രധാന ആശുപത്രികളിലും പാമ്പ് കടിക്കുള്ള ആൻ്റിവെനം കരുതണം.
• എല്ലാ സ്ഥാപനങ്ങളിലും, കോവിഡ് ചികിത്സാ കേന്ദ്രങ്ങളിലും പവർ സപ്ളൈക്ക് തടസ്സം വരാതെ ഇരിക്കുവാൻ വേണ്ട സംവിധാനം ചെയ്യണം. ഇതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനവുമായും, കെ എസ് ഇ ബി യുമായും ബദ്ധപ്പെട്ട് പ്രവർത്തിക്കേണ്ടതാണ്.

• വെള്ളം കയറുവാൻ സാദ്ധ്യതയുള്ള പ്രദേശങ്ങളിൽ പ്രവർത്തിക്കുന്ന കോവിഡ് ചികിത്സാ കേന്ദ്രങ്ങൾ ആവശ്യമായി വന്നാൽ മറ്റൊരു സ്ഥലത്തേക്ക് മാറ്റുന്നതിനായി ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ച് സൗകര്യങ്ങൾ കണ്ടെത്തണം.

• കൂടാതെ വീടുകളിൽ ചികിത്സയിൽ കഴിയുന്ന കോവിഡ് രോഗബാധിതരെയും, നിരീക്ഷണത്തിൽ കഴിയുന്നവരേയും മാറ്റി പാർപ്പിക്കേണ്ടി വന്നാൽ പകരം സംവിധാനം കണ്ടെത്തണം

• ക്യാമ്പുകളിലേക്ക് മാറ്റി പാർപ്പിക്കുന്നവരിൽ പനി തുടങ്ങിയ രോഗലക്ഷണങ്ങളുള്ളവരെ നിരീക്ഷിക്കുകയും, ടെസ്റ്റ് ചെയ്യുകയും, മറ്റുള്ളവരുമായി സമ്പർക്കം വരാതെ കഴിയുന്നതിനുള്ള സ്വകര്യം ഒരുക്കേണ്ടതുമാണ്. പാർപ്പിക്കേണ്ടതുമാണ്. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ടായിരിക്കണം ക്യാമ്പുകൾ പ്രവർത്തിക്കേണ്ടത്. ക്യാമ്പുകളിൽ ആളുകളുടെ എണ്ണം കുറച്ചു കൊണ്ട് കൂടുതൽ, ക്യാമ്പുകൾ നടത്തേണ്ടതാണ്

• ക്യാപുകളുടെ പ്രവർത്തനം സുഗമമാക്കുന്നതിന് കൂടുതൽ വോളൻ്റിയർമാരെ തെരഞ്ഞെടുത്ത് പരിശീലനം നൽകും.പകർച്ചവ്യാധികൾ പ്രതിരോധിക്കാൻ ക്യാമ്പുകളിൽ ശുചിത്വം ഉറപ്പാക്കേണ്ടതും, കോവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നുവെന്ന് ഉറപ്പു വരുത്തണം. ഇതിനായി വോളൻ്റിയേഴ്സിൻ്റെ സഹായം തേടാവുന്നതാണ്.

• ജില്ലാ മാനസികാരോഗ്യകേന്ദ്രം ക്യാമ്പുകളിൽ കഴിയുന്നവർക്കുള്ള കൗൺസിലിങ്ങ് നൽകുന്നതാണ്.

• ക്യാമ്പുകളിലേക്ക് മാറേണ്ടി വന്നാൽ ജീവിതശൈലീ രോഗങ്ങൾക്ക് മരുന്നു കഴിക്കുന്നവരും, സ്ഥിരമായി മരുന്നു കഴിക്കേണ്ടി വരുന്നവരും മരുന്നുകളും മരുന്നിൻ്റെ കുറുപ്പടിയും കയ്യിൽ സൂക്ഷിക്കേണ്ടതാണ്.

ക്യാമ്പുകളിൽ കഴിയുന്നവരുടെ ശ്രദ്ധയ്ക്ക്

• ക്യാമ്പ് പരിസരം വൃത്തിയായി സൂക്ഷിക്കുക.

• ഡബിൾ മാസ്ക് ധരിക്കണം. രണ്ട് മാസ്ക് ധരിക്കുമ്പോൾ ആദ്യം സർജിക്കൽ മാസ്കും, അതിനു മുകളിലായി തുണിമാസ്കും ധരിക്കണം. N 95 ആണെങ്കിൽ ഒരെണ്ണം മതി.

• മാസ്ക് ശരിയായ രീതിയിൽ ധരിക്കണം. സംസാരിക്കുമ്പോൾ മാസ്ക് താഴ്ത്തരുത്

• നനഞ്ഞ മാസ്കുകൾ ധരിക്കരുത്. ആറ് മണിക്കൂർ കൂടുമ്പോൾ മാസ്ക് മാറ്റേണ്ടതാണ്. തുണി മാസ്കുകൾ കഴുകി ഉണക്കി ഉപയോഗിക്കുക

• ഒറ്റ തവണ ഉപയോഗിക്കുന്ന തരം മാസ്കുകൾ വലിച്ചെറിയാതെ ഇതിനായി നിർദേശിക്കപ്പെട്ട സ്ഥലത്ത് സുരക്ഷിതമായി നിക്ഷേപിക്കുക.

• സാമൂഹിക അകലം പാലിക്കേണ്ടതുമാണ്.കൂട്ടം കൂടുന്നത് ഒഴിവാക്കുക.

• അലക്ഷ്യമായി തുപ്പുകയോ, മൂക്കു ചീറ്റുകയോ ചെയ്യരുത്.

• കൈകൾ ഇടക്കിടെ സോപ്പ്/ സാനിറ്റെസർ ഉപയോഗിച്ച് ശുചിയാക്കുക.

• തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക.

• ഭക്ഷണ സാധനങ്ങൾ അടച്ച് സൂക്ഷിക്കുക

• ഭക്ഷണാവശിഷ്ടങ്ങളും, മറ്റ് മാലിന്യങ്ങളും, ചുറ്റുപാടും വലിച്ചെറിയാതെ നിർദ്ദേശിക്കപ്പെട്ട സ്ഥലത്തു മാത്രം നിക്ഷേപിക്കുക

• ആഹാരം കഴിക്കുന്നതിന് മുൻപും, ആഹാരസാധനങ്ങൾ കൈകാര്യം ചെയ്യുന്നതിന് മുൻപും, ശുചിമുറി ഉപയോഗിച്ച ശേഷവും കൈകൾ സോപ്പ് ഉപയോഗിച്ച് നന്നായി കഴുകുക.

• തുറസ്സായ സ്ഥലത്ത് മലമൂത്ര വിസർജ്ജനം ചെയ്യരുത്.

• കെട്ടിക്കിടക്കുന്ന വെള്ളത്തിലിറങ്ങിയവർ എലിപ്പനി തടയുവാൻ പ്രതിരോധ മരുന്നായ ഡോക്സി സൈക്ളിൻ ഗുളിക കഴിക്കേണ്ടതാണ്

• കൊതുകുവളരുന്ന സാഹചര്യം ഒഴിവാക്കാൻ ശ്രദ്ധിക്കുക

• പനി, ജലദോഷം, തൊണ്ടവേദന, ശ്യാസംമുട്ടൽ തുടങ്ങിയ രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ ആരോഗ്യ പ്രവർത്തകരെ വിവരമറിയിക്കുക.