മികച്ച കോഴ്‌സുകളും അതുവഴി മികച്ച തൊഴില്‍ അവസരങ്ങളും ഉദ്യോഗാര്‍ത്ഥികള്‍ക്ക് ലഭ്യമാക്കുന്നതിന് ജില്ലയില്‍ തൊഴില്‍ വകുപ്പിന്റെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്, എംപ്ലോയബിലിറ്റി സെന്ററുകള്‍ എന്നിവയ്‌ക്കൊപ്പം ഈ വര്‍ഷം കരിയര്‍ ഗൈഡന്‍സ് സെന്റര്‍ സ്ഥാപിക്കുമെന്നും തൊഴില്‍ എക്‌സൈസ് മന്ത്രി ടി. പി. രാമകൃഷ്ണന്‍ പറഞ്ഞു. കല്‍പ്പറ്റ കെ.എം.എം. ഗവ. ഐടിഐ പണിത പുതിയ വനിതാ ഹോസ്റ്റലിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി. തൊഴില്‍ ലഭ്യതയ്ക്കനുസൃതമായി കോഴ്‌സുകള്‍ നവീകരിക്കും. കാലഹരണപ്പെട്ട കോഴ്‌സുകള്‍ നിര്‍ത്തലാക്കി പുതിയ പാഠ്യം പദ്ധതിയില്‍ ആരംഭിക്കും. കല്‍പ്പറ്റ ഐടിഐ യില്‍ ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റിന്റെ ഒരു ബാച്ചുകൂടി ആരംഭിക്കും. പ്രതിവര്‍ഷം 75,000 ത്തോളം പേരാണ് വ്യവസായിക വകുപ്പിന്റെ കീഴിലുള്ള സ്ഥാപനങ്ങളില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കുന്നത്. ഇവരുടെ തൊഴില്‍ ലഭ്യത ഉറപ്പുവരുത്തുന്നതിന് കേരള അക്കാദമി ഓഫ് സ്‌കില്‍ എക്‌സലന്‍സില്‍ തൊഴില്‍ നൈപുണ്യ പരിശീലനം സംഘിടിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു. ഒരു കോടി രൂപ ചെലവില്‍ രണ്ടു നിലകളിലായി 584.9 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണത്തിലാണ് വനിതാ ഹോസ്റ്റല്‍ നിര്‍മ്മിച്ചിട്ടുള്ളത്. താഴത്തെ നിലയില്‍ ഓഫീസ്, വിസിറ്റിങ് മുറികള്‍ എന്നിവയും രണ്ടാമത്തെ നിലയില്‍ ഡോര്‍മിറ്ററി, ഡൈയിനിങ്, സിക്ക് റൂം, വാര്‍ഡന്‍സ് റൂം എന്നിവയുമാണ് ഒരുക്കിയിരിക്കുന്നത്. ക്യാമ്പസില്‍ 2.2 കോടി രൂപ ചെലവില്‍ 3 നിലയില്‍ ടൈപ്പ് ത്രി ക്വീര്‍ട്ടേഴ്‌സിന്റെ പണി പരോഗമിക്കുകയാണ്. 2019 ജൂണില്‍ പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു. ഈ വര്‍ഷം ആന്ധ്രപ്രദേശിലെ അമരാവതിയില്‍ നടന്ന ദേശീയ സിവില്‍ സര്‍വ്വീസ് അത്‌ലറ്റിക് മീറ്റില്‍ കേരളത്തെ പ്രതിനിധീകരിച്ച് 1500 മീറ്ററില്‍ വെള്ളിയും 400 മീറ്ററില്‍ വെങ്കലവും നേടിയ ഐടിഐയിലെ സീനിയര്‍ ക്ലാര്‍ക്ക് ബിജു ബാലന് സ്റ്റാഫ് കൗണ്‍സിലിന്റെ ഉപഹാരം മന്ത്രി കൈമാറി. സി.കെ ശശീന്ദ്രന്‍ എം എല്‍ എ അദ്ധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് കെട്ടിട വിഭാഗം അസി. എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ സി.എസ് അജിത് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ കലക്ടര്‍ എസ്. സുഹാസ്, കല്‍പ്പറ്റ മുനിസിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ സനിതാ ജഗദീഷ്, മുന്‍ എംഎല്‍എ എം.വി. ശ്രേയാംസ് കുമാര്‍, നഗരസഭ ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ ഉമൈബ മൊയ്തീന്‍കുട്ടി, കൗണ്‍സിലര്‍ ടി. മണി തുടങ്ങിയവര്‍ സംബന്ധിച്ചു. ഡീസല്‍ മെക്കാനിക്ക്, ഇലക്ട്രീഷ്യന്‍, ഇലക്ട്രോണിക് മെക്കാനിക്, ഡ്രഫ്റ്റ്‌സ്മാന്‍ സിവില്‍, ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് എന്നിങ്ങനെ അഞ്ച് ട്രേഡുകളുള്ള ഫസ്റ്റ് ഗ്രേഡ് ഐടിഐയാണ് കല്‍പ്പറ്റയിലേത്.
