തിരുവനന്തപുരം: കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ തിരുവനന്തപുരം, നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രികളില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയതായി ജില്ലാ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ അറിയിച്ചു. ഇതിന്റെ ഭാഗമായി ഐ.സി.യു കിടക്കകള്‍ അടക്കമുള്ളവയുടെ എണ്ണം വര്‍ധിപ്പിച്ചിട്ടുണ്ട്.
തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ 33 ഐ.സി.യു കിടക്കകള്‍ നിലവില്‍ സജ്ജമാണ്. 15 വെന്റിലേറ്റര്‍ കിടക്കകളും ഓക്സിജന്‍ സൗകര്യമുള്ള 32 കിടക്കകളും ഇവിടെയുണ്ട്. കോവിഡ് ചികിത്സയ്ക്കായി ആകെ 265 കിടക്കകളാണ് ഇവിടെ സജ്ജമാക്കിയിരിക്കുന്നത്.
നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ ഒന്‍പത് ഐ.സി.യു കിടക്കകളാണുള്ളത്. ഇവിടെ മൂന്ന് വെന്റിലേറ്ററുകളുടെ സൗകര്യവുമുണ്ട്. കോവിഡ് ചികിത്സയ്ക്കായി ആകെ 90 കിടക്കകളാണ് ഇവിടെ സജ്ജീകരിച്ചിരിക്കുന്നത്. ഇതില്‍ 20 കിടക്കകളില്‍ ഓക്സിജന്‍ സൗകര്യം ലഭ്യമാക്കിയിട്ടുണ്ടെന്നും കളക്ടര്‍ അറിയിച്ചു.