മലപ്പുറം ജില്ലയില്‍ ഞായറാഴ്ച (മെയ് 16) 4,424 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 35.66 ശതമാനമാണ് ജില്ലയിലെ കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. കോവിഡ് ബാധിതരുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 4,277 പേര്‍ക്കും 93 പേര്‍ക്ക് ഉറവിടമറിയാതെയുമാണ് രോഗബാധയുണ്ടായിട്ടുള്ളത്. കൂടാതെ വിദേശ രാജ്യങ്ങളില്‍ നിന്ന് ജില്ലയിലെത്തിയ ഏഴ് പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 47 പേര്‍ക്കും ഇന്ന് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

76,241 പേരാണ് ജില്ലയില്‍ ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 52,232 പേരാണ് വിവിധ കേന്ദ്രങ്ങളിലായി ചികിത്സയിലുള്ളത്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 1,485 പേരും കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 180 പേരും 249 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലുമാണ്. സ്വയം നിരീക്ഷണത്തിന് വീടുകളില്‍ സൗകര്യമില്ലാത്തവര്‍ക്കായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഡൊമിസിലിയറി കെയര്‍ കേന്ദ്രങ്ങളില്‍ 436 പേരും ശേഷിക്കുന്നവര്‍ വീടുകളിലും നിരീക്ഷണത്തില്‍ കഴിയുകയാണ്. ജില്ലയില്‍ ഇതുവരെ 746 പേരാണ് കോവിഡ് ബാധിതരായി മരണത്തിന് കീഴടിങ്ങിയത്.

അതേസമയം 4,050 പേര്‍ കൂടി രോഗവിമുക്തരായതോടെ ജില്ലയിലെ കോവിഡ് രോഗമുക്തരുടെ എണ്ണം 1,81,678 ആയി. രോഗബാധിതരുടെ എണ്ണത്തോടൊപ്പം രോഗമുക്തരാകുന്നവരുടെ എണ്ണവും ആനുപാതികമായി വര്‍ധിക്കുന്നത് ആശ്വാസകരമാണ്. എങ്കിലും വിവിധ വകുപ്പുകളെ സംയോജിപ്പിച്ച് പൂര്‍ണമായും രോഗമുക്തിക്കായുള്ള ജില്ലാ ഭരണകൂടത്തിന്റെയും സര്‍ക്കാരിന്റയും ശ്രമങ്ങള്‍ക്ക് പൊതു ജനങ്ങളുടെ സഹകരണം അനിവാര്യമാണെന്ന് ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ പറഞ്ഞു. രോഗവ്യാപനം ഉയര്‍ന്നതിനെ തുടര്‍ന്ന് ജില്ലയില്‍ പ്രഖ്യാപിച്ച ട്രിപ്പിള്‍ ലോക്ഡൗണുമായും ജനങ്ങള്‍ പൂര്‍ണമായും സഹകരിക്കണമെന്ന് ജില്ലാ കലക്ടര്‍ അഭ്യര്‍ത്ഥിച്ചു.