പാലക്കാട്:   അട്ടപ്പാടിയിലെ ഊരുകളിൽ കോവിഡ് രോഗവ്യാപനം നിയന്ത്രിക്കുന്നതിനായി ഊരുകളിലേക്കുള്ള പ്രവേശനം കൂടുതൽ കർശനമാക്കിയതായി ഐ.ടി.ഡി.പി. പ്രോജെക്ട് ഓഫീസ് വി. കെ.സുരേഷ്കുമാർ അറിയിച്ചു. ഊരുകളിൽ നിന്ന് പുറത്തു പോകുന്നതിനും പുറത്ത് നിന്നുള്ളവർ ഊരുകളിൽ പ്രവേശിക്കുന്നതും പരിശോധിക്കുന്നുണ്ട്.
ഊരു നിവാസികൾ പുറത്ത് പോവാതിരിക്കാനായി ഊരുകളിലേക്ക് ആവശ്യമായ ഭക്ഷ്യവസ്തുക്കൾ, മരുന്നുകൾ, മറ്റ് അവശ്യസാധനങ്ങൾ എന്നിവ ഐ.ടി.ഡി.പി. ദ്രുതകർമ്മ സേനയുടെ നേതൃത്വത്തിൽ എത്തിക്കുന്നുണ്ട്. കൂടാതെ മൊബൈൽ മെഡിക്കൽ യൂണിറ്റുകളുടെ നേതൃത്വത്തിൽ അവശ്യമരുന്നുകൾ എത്തിക്കുന്നതായും ഊരുകൾ കേന്ദ്രീകരിച്ച് സഞ്ചരിക്കുന്ന മാവേലി സ്റ്റോറുകൾ സജ്ജമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നുവരുന്നതായും പ്രോജക്ട് ഓഫീസർ അറിയിച്ചു.
ഊരുകളിൽ രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി കോവിഡ് വാക്‌സിനേഷൻ ക്യാമ്പുകൾ സജീവമായി തുടരുന്നുണ്ട്. ജില്ലാ കളക്ടർ മൃൺമയി ശശാങ്ക്, ഒറ്റപ്പാലം സബ് കലക്ടർ അർജുൻ പാണ്ഡ്യൻ എന്നിവർ അട്ടപ്പാടിയിൽ സന്ദർശനം നടത്തി കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തി. അട്ടപ്പാടി നോഡൽ ഓഫീസർ കൂടിയായ അർജുൻ പാണ്ഡ്യന്റെ മേൽനോട്ടത്തിലാണ് പ്രവർത്തനങ്ങൾ നടക്കുന്നത്. നാളെയും മറ്റനാളെയുമായി വാക്സിനേഷൻ ക്യാമ്പുകൾ തുടരുന്നതാണ്.
ബോധവത്ക്കരണത്തിനായി ഗോത്രഭാഷയിൽ വീഡിയോ
ഊരുകളിൽ കോവിഡ് പ്രതിരോധം ലക്ഷ്യമിട്ട് ഐ.ടി.ഡി.പിയുടെ നേതൃത്വത്തിൽ ഇരുള, കുറുമ്പ, മുഡുക തുടങ്ങിയ ഗോത്ര ഭാഷകളിൽ ബോധവത്ക്കരണ വീഡിയോ തയ്യാറാക്കി. പ്രതിരോധ കുത്തിവെപ്പുകൾ എടുക്കുക, മാസ്ക് ധരിക്കുക, ശാരീരിക അകലം പാലിക്കുക, കോവിഡ് ഹെൽപ്പ് ലൈൻ നമ്പറുകൾ സംബന്ധിച്ചും കൈകൾ സോപ്പ്, സാനിറ്റൈസർ എന്നിവ ഉപയോഗിച്ച് വൃത്തിയാക്കാനും വീഡിയോയിലൂടെ പറയുന്നു. ഐ.ടി.ഡി.പി. യുടെ ദ്രുതകർമ സേന അംഗങ്ങളായ രവിചന്ദ്രനും, ബിനോയിയും ചേർന്നാണ് വീഡിയോകൾ തയ്യാറാക്കിയിരിക്കുന്നത്.
കുറുമ്പ ഭാഷയിയുള്ള വീഡിയോക്ക് അഗളി ജി.വി.എച്ച്.എസിലെ അധ്യാപകനായ ഇടവാണി ഊരിലെ മാണിക്യനും, ഇരുള ഭാഷയിലുള്ള വീഡിയോയ്ക്ക് ദാസന്നൂർ ഊരിലെ ജയന്തിയും ശബ്ദം നൽകിയിരിക്കുന്നു. മുഡുക ഭാഷയിലുള്ള വീഡിയോ തയ്യാറാക്കുന്നത് അവസാന ഘട്ടത്തിലാണ്. അടുത്ത ദിവസം തന്നെ പുറത്തിറക്കും.