പാലക്കാട്:   കൊഴിഞ്ഞാമ്പാറ നാട്ടുകൽ ഗവ. ആർട്സ് ആൻ്റ് സയൻസ് കോളേജിലെ ഡൊമിസിലറി കെയർ സെൻ്ററിൽ പരിചരണത്തിൽ കഴിഞ്ഞുവന്ന അഞ്ച് ഇതര സംസ്ഥാന തൊഴിലാളികൾ രോഗം ഭേദമായതിനെ തുടർന്ന് താമസസ്ഥലങ്ങളിലേക്ക് മടങ്ങി. ഇനി ഏഴ് ദിവസം സ്വയം കരുതലിൽ. തൊഴിലാളികൾ ജോലി ചെയ്യുന്ന കഞ്ചിക്കോട് വ്യവസായ മേഖലയിലെ ആംകോസ് പെയിൻ്റ് കമ്പനിക്ക് ഇതു സംബന്ധിച്ച നിർദ്ദേശം നൽകി.
മെയ് ഒമ്പതിനാണ് ജില്ലയിൽ അതിഥി തൊഴിലാളികൾക്കായുള്ള ആദ്യ ഡൊമിസിലറി കെയർ സെന്റർ നാട്ടുകൽ ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജിലെ വനിത ഹോസ്റ്റലിൽ സജ്ജീകരിച്ചത്. അന്നുതന്നെ കോവിഡ് രോഗബാധിതരായ 5 അതിഥി തൊഴിലാളികളെ ഇവിടെ പ്രവേശിപ്പിച്ചു. ആദ്യമായി ഇവിടെ പ്രവേശിച്ച അഞ്ച് പേരാണ് ഇന്ന് രോഗം ഭേദമായി മടങ്ങിയത്. ഇവിടെ നിലവിൽ 29 രോഗികൾ ചികിത്സയിലുണ്ട്.
നല്ലേപ്പിള്ളി പഞ്ചായത്ത് പ്രസിഡൻറ് അനീഷ നിഷാന്ത് തൊഴിലാളികളെ യാത്രയാക്കി. ഡി.സി.സിയുടെ പ്രവർത്തനത്തിന് മാതൃകാപരമായി നേതൃത്വം നൽകുന്ന കൊഴിഞ്ഞാമ്പാറ സി.എച്ച്.സി സൂപ്രണ്ട് ഡോ.രാധാകൃഷ്ണൻ, ഹെഡ്‌ നഴ്സ് സുധ, സ്റ്റാഫ് നഴ്സ് എം.ദൃശ്യ, അസി.നോഡൽ ഓഫിസർമാരായി പ്രവർത്തിക്കുന്ന എ.എൽ.ഒ ജോബി തോമസ്, ജി.കൃഷ്ണകുമാർ എന്നിവരും രോഗമുക്തി നേടിയവരെ യാത്രയാക്കാൻ എത്തിയിരുന്നു.