ഇടുക്കി:കോവിഡ് രോഗികളായി വീട്ടില്‍ കഴിയുന്നവര്‍ക്കും കോവിഡ് പ്രധിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന പഞ്ചായത്തുകള്‍ക്കും വിവിധ സര്‍വീസ് സഹകരണ ബാങ്കുകളുടെ നേതൃത്വത്തില്‍ സഹായമെത്തിച്ച് നല്‍കി. തൊടുപുഴ സര്‍വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ നിര്‍ധനരായ 250 കോവിഡ് രോഗികളുടെ കുടുംബങ്ങളില്‍ സൗജന്യ ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്തു. കിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം ബാങ്കില്‍ നടന്ന ചടങ്ങില്‍ പ്രസിഡണ്ട് കെ.എം. ബാബു നിര്‍വഹിച്ചു. ചടങ്ങില്‍ ബാങ്ക് സെക്രട്ടറി ജയശ്രീ പി., ഡയറക്ടറും നഗരസഭാ കൗണ്‍സിലറുമായ ആര്‍. ഹരി, ഡയറക്ടര്‍മാരായ കെ.പി. ഹരീഷ്, കെ.സലിം കുമാര്‍, പി.പി. ജേക്കബ്, രഞ്ജിനി മോഹനന്‍, ബെന്നി മൈക്കിള്‍, മറ്റു ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി കരിങ്കുന്നം സര്‍വീസ് സഹകരണ ബാങ്ക് കരിങ്കുന്നം പഞ്ചായത്തിന് ഒരു ലക്ഷം രൂപാ കൈമാറി. ഇതിനുള്ള ചെക്ക് ബാങ്ക് പ്രസിഡന്റ് തമ്പി മാനുങ്കല്‍ പഞ്ചായത്ത് പ്രസിഡന്റ് ജോജി എടമ്പുറത്തിന് കൈമാറി. ആലക്കോട് സര്‍വ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ ഇടവെട്ടി പഞ്ചായത്തില്‍ ബാങ്കിന്റെ പ്രവര്‍ത്തന പരിധിയിലുള്ള 9 വാര്‍ഡുകളിലെ കോവിഡ് രോഗികള്‍ക്കായി പള്‍സ് ഓക്സിമീറ്ററുകള്‍ വിതരണം ചെയ്തു. ബാങ്ക് പ്രസിഡന്റ് തോമസ് മാത്യൂ കക്കുഴിയില്‍ നിന്നും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീജ നൗഷാദ് ഉപകരണങ്ങള്‍ ഏറ്റുവാങ്ങി. അറക്കുളം ഗ്രാമ പഞ്ചായത്തില്‍ കോവിഡ് രോഗികളായി കഴിയുന്ന 100 ലധികം കുടുംബങ്ങള്‍ക്ക് ആസ്‌കോ ബാങ്കിന്റെ നേതൃത്വത്തില്‍ സൗജന്യ ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്തു. ബാങ്ക് ചെയര്‍മാന്‍ ടോമി വാളികുളം, ഡയറക്ടര്‍ ബോര്‍ഡ് അംഗം മാര്‍ട്ടിന്‍ മാണി, ബാങ്ക് മാനേജിംഗ് ഡയറക്ടര്‍ ജോഷി വി. മാത്യു, മറ്റ് ബാങ്ക് ജീവനക്കാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.