ആലപ്പുഴ: ടൗട്ടോ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ കനത്ത മഴയിലും കടലാക്രമണത്തിലും ചെളി നിറഞ്ഞു വാസയോഗ്യമല്ലാതായ വീടുകളിലെ ചെളിയും മറ്റ് അവശിഷ്ടങ്ങളും നീക്കം ചെയ്ത് തീരദേശ പൊലീസ് സേന. വലിയഴീക്കൽ മുതൽ വാടക്കൽ വരെയുള്ള 44 കിലോമീറ്റർ തീരദേശ മേഖലയിലെ മത്സ്യഗ്രാമങ്ങളിലെ വീടുകളിലെ ചെളിയും മറ്റുമാണ് ബീറ്റ് ഓഫീസർമാരുടെ നേതൃത്വത്തിൽ വൃത്തിയാക്കുന്നത്.

ബീറ്റ് ഓഫീസർമാർ, തീരദേശ വാർഡൻമാർ, തീരദേശ പൊലീസ് എന്നിവർ ഉൾപ്പെടുന്ന സംഘങ്ങളായി തിരിഞ്ഞ് വിവിധ മേഖലകളിലാണ് ശുചീകരണം. 40 ബീറ്റ് ഉദ്യോഗസ്ഥരാണ് സംഘത്തിലുള്ളത്.

വീടുകളിൽ തിരിച്ചെത്താൻ സാധിക്കാതെ ക്യാമ്പുകളിൽ കഴിയുന്നവർക്ക് അവശ്യ സാധനങ്ങൾ എത്തിക്കാനും ഇവരുടെ സേവനം ലഭ്യമാണ്. വലിയഴീക്കൽ – തോട്ടപ്പള്ളി റോഡിൽ പെരുമ്പള്ളി ഭാഗത്ത് റോഡിൽ മണ്ണ് അടിഞ്ഞുകൂടി ഗതാഗതം തടസപ്പെട്ടിടത്തും തീരദേശ പൊലീസ് സേനയുടെ നേതൃത്വത്തിൽ മണ്ണ് മാറ്റി ഗതാഗത യോഗ്യമാക്കി. ഇൻസ്പെക്ടർ സി.വി. വിനോദ് കുമാർ, എസ്.ഐ.മാരായ അബ്ദുൾ ഖാദർ, കമലൻ, മണിലാൽ എന്നിവരുടെ നേതൃത്വത്തിലാണ് പ്രവൃത്തികൾ പുരോഗമിക്കുന്നത്.