എറണാകുളം: ദുരന്ത നിവാരണ നിയമ പ്രകാരം മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്ത 3 ടാങ്കറുകളിൽ ഒന്ന് ജാർഖണ്ഡിൽ നിന്ന് ദ്രവീകൃത ഓക്സിജനുമായി കൊച്ചിയിൽ തിരിച്ചെത്തി. ജാർഖണ്ഡിലെ ബേൺപൂരിലുള്ള ടാറ്റാ സ്റ്റീൽ പ്ലാന്റിൽ നിന്നുമാണ് ദ്രവീകരിച്ച ഓക്സിജൻ നിറച്ച് ടാങ്കർ തിരിച്ചെത്തിയത്. കൊച്ചിൻ ഷിപ്പ്യാർഡിന്റെ ഉടമസ്ഥതയിൽ ഉള്ള കൊച്ചിൻ എയർ പ്രൊഡക്റ്റ്സിൽ രാവിലെ 7.30 നു വാഹനമെത്തി.

ജാർഖണ്ഡ്, പശ്ചിമ ബംഗാൾ, ഒഡീഷ, ആന്ധ്രാപ്രദേശ്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലൂടെ 2400 ഓളം കിലോമീറ്റർ സഞ്ചരിച്ചാണ് ടാങ്കർ കൊച്ചിയിൽ എത്തിയത്. യാത്രക്കിടയിൽ ആന്ധ്രയിലെ ശ്രീകാകുളത്തു വച്ചു വാഹനം ബ്രേക്ക് ഡൌൺ ആയെങ്കിലും ടാറ്റാ ഡീലർഷിപ് മുഖേന തകരാറുകൾ പരിഹരിച്ചു 8 മണിക്കൂറിനകം തന്നെ വാഹനം യാത്ര തുടർന്നു. കെ.എസ്. ആർ.ടി.സി യുടെ പ്രത്യേക പരിശീലനം ലഭിച്ച 3 ഡ്രൈവർമാരും, ഒരു അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾസ് ഇൻസ്‌പെക്ടറും ആണ് ടാങ്കർ ലോറിയിൽ ഉണ്ടായിരുന്നത്.

മെയ്‌ 14 നു നെടുമ്പാശ്ശേരിയിൽ നിന്നും വിമാന മാർഗ്ഗം കൊണ്ടുപോകാൻ തീരുമാനിച്ച ടാങ്കറുകൾ പ്രതികൂല കാലാവസ്ഥ മൂലം 15 നു രാവിലെ കോയമ്പത്തൂർ എയർ ഫോഴ്സ് പോർട്ടിൽ നിന്നാണ് ലിഫ്റ്റ് ചെയ്തത്. ബെർൺപൂർ പ്ലാന്റിൽ നിന്ന് പരിശോധനകൾക്ക് വിധേയമായ ഓക്സിജൻ ടാങ്കർ ദ്രവീകൃത ഓക്സിജൻ നിറച്ചു മെയ്‌ 17 നു വെളുപ്പിന് 2 ക്ക് യാത്ര ആരംഭിച്ചു.
മെയ്‌ 8 നാണ് ആർ.ടി.ഒ മാരുടെ നേതൃത്വത്തിൽ വാഹനങ്ങൾ പിടിച്ചെടുത്തത്.