എറണാകുളം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സംഭാവന സ്വീകരിക്കുന്നതിനായി എറണാകുളം ജില്ലാ പഞ്ചായത്ത് കാക്കനാട് യൂണിയന്‍ ബാങ്കില്‍ അക്കൗണ്ട് ആരംഭിച്ചതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് അറിയിച്ചു. നാടിന്റെ പ്രതിസന്ധിയില്‍ താങ്ങാവാന്‍ കിട്ടുന്ന അവസരം പ്രയോജനപ്പെടുത്തി എല്ലാവരും സംഭാവന നല്‍കി ഭാഗമാകണമെന്ന് ഉല്ലാസ് തോമസ് പറഞ്ഞു.
ഇതോടൊപ്പം 1000 രൂപയുടെ സംഭാവന ചലഞ്ചിനും തുടക്കം കുറിച്ചിരിക്കുകയാണ് എറണാകുളം ജില്ലാ പഞ്ചയത്ത്. കോവിഡ് പ്രതിരോധത്തിനായി ബാങ്ക് അക്കൗണ്ടിലേക്ക് സംഭാവന നല്‍കുന്നതില്‍ കൂടുതല്‍ പേരെ പങ്കെടുപ്പിക്കുന്നതിന്റെ ഭാഗമായാണ് ചലഞ്ച്. 1000 രൂപയോ അതില്‍ കൂടുതല്‍ എത്ര വേണമെങ്കിലും നല്‍കി പൊതുജനത്തിന് ഈ ചലഞ്ചില്‍ പങ്കാളികളാകാവുന്നതാണ്.
ഇതിന്റെ ഭാഗമായി ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍ എല്ലാവരും ഒരുമാസത്തെ സാലറി സംഭാവന നല്‍കാനും തീരുമാനിച്ചു. സാമൂഹിക അടുക്കളയിലേക്ക് കാര്‍ഷിക ഉത്പന്നങ്ങള്‍,പലചരക്ക് സാധനങ്ങൾ നല്‍കാന്‍ താല്‍പര്യമുള്ളവര്‍ക്ക് ജില്ലാ പഞ്ചായത്തില്‍ എത്തച്ച് നല്‍കാമെന്നും ഉല്ലാസ് തോമസ് പറഞ്ഞു. ഇവ ജില്ലാ പഞ്ചായത്ത് നേരിട്ട് വിവിധ പ്രദേശത്തെ സാമൂഹിക അടുക്കളകളില്‍ എത്തിച്ച് നല്‍കും.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് തദേശ സ്ഥാപനങ്ങള്‍ സ്വീകരിക്കുന്ന സംഭാവനകള്‍ പ്രസ്തുത ആവശ്യത്തിന് മാത്രമായി കൈകാര്യം ചെയ്യുന്നതിന് നാഷണലൈസ്ഡ് ബാങ്കില്‍ അക്കൗണ്ട് ആരംഭിക്കുന്നതിന് സർക്കാർ സെക്രട്ടറിമാര്‍ക്ക് അനുമതി നല്‍കി ഉത്തരവ് പുറത്തിറക്കിയിരുന്നു. ഇതിന്റെ ഭാഗമായാണ് എറണാകുളം ജില്ലാ പഞ്ചായത്ത് കാക്കനാട് യൂണിയന്‍ ബാങ്കില്‍ അക്കൗണ്ട് ആരംഭിച്ചത്. സംഭാവന നല്‍കാന്‍ താല്‍പര്യമുള്ളവര്‍ക്ക് ഇനി പറയുന്ന ബാങ്ക് അക്കൗണ്ടിലേക്ക് സംഭാവന നല്‍കാവുന്നതാണ്.
യൂണിയന്‍ ബാങ്ക്,
അക്കൗണ്ട് നമ്പര്‍: 128622010000232
IFSC Code: UBIN0912867