സംസ്ഥാനത്തെ രാഷ്ട്രീയ ചരിത്രത്തിൽ ആദ്യമായി ഒരു മന്ത്രിസഭയിൽ മൂന്നു വനിതാ അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തപ്പോൾ സാക്ഷ്യം വഹിച്ചത് വനിതാ സാന്നിധ്യംകൊണ്ട് പ്രൗഢമാർന്ന സദസ്സ്. കോവിഡ് പ്രോട്ടോക്കോൾ പാലിക്കാൻ ക്ഷണിതാക്കളുടെ എണ്ണം ഏറ്റവും ചുരുക്കിയപ്പോഴും സമൂഹത്തിലെ വിവിധ തുറകളിലുള്ള അമ്പതോളം വനിതകൾ ചടങ്ങിന് സാക്ഷ്യം വഹിക്കാനെത്തി.

മുൻ മന്ത്രിമാരായ കെ.കെ. ശൈലജ ടീച്ചർ, ജെ. മേഴ്‌സിക്കുട്ടിയമ്മ, പശ്ചിമ ബംഗാളിനെ പ്രതിനിധീകരിച്ച് എത്തിയ ഡോ. കാകോളി ഘോഷ് ദസ്തിഖർ എംപി, മുഖ്യമന്ത്രിയുടെ പത്‌നി കമല വിജയൻ, ആടിനെ വിറ്റുകിട്ടിയ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത കൊല്ലം സ്വദേശിനി സുബൈദ തുടങ്ങി നിരവധി വനിതകൾ ചടങ്ങിന് സാക്ഷിയായി.
മൂന്ന് വനിതാ മന്ത്രിമാരും കുടുംബാഗങ്ങളുമൊത്താണ് ചടങ്ങിനെത്തിയത്. പതിനൊന്നാമതായി പ്രൊ .ആർ ബിന്ദുവും പന്ത്രണ്ടാമത് ചിഞ്ചു റാണിയും ഏറ്റവും ഒടുവിലായി വീണാ ജോർജും അക്ഷരമാലാക്രമത്തിൽ സത്യവാചകം ചൊല്ലി. ബിന്ദുവും ചിഞ്ചു റാണിയും സഗൗരവം പ്രതിജ്ഞ ചെയ്തപ്പോൾ ദൈവനാമത്തിലായിരുന്നു വീണാ ജോർജിന്റെ പ്രതിജ്ഞ .

ആദ്യ പിണറായി വിജയൻ സർക്കാർ രണ്ടു വനിതാ മന്ത്രിമാരെ മന്ത്രിസഭയിൽ ഉൾപ്പെടുത്തി ചരിത്രം രചിച്ചപ്പോൾ മൂന്ന് വനിതാ മന്ത്രിമാർ എന്ന പുതു ചരിത്രമെഴുതുകയാണ് രണ്ടാം സർക്കാർ.