ആറു പതിറ്റാണ്ടിന്റെ ചരിത്രം കേരളത്തിനു സമ്മാനിച്ച മാറ്റത്തിന്റെ നേർക്കാഴ്ചയോടെയാണു പിണറായി വിജയൻ സർക്കാരിന്റെ രണ്ടാമൂഴത്തിനു സാക്ഷ്യംവഹിക്കാൻ സെൻട്രൽ സ്റ്റേഡിയത്തിലെ വേദിയൊരുങ്ങിയത്.

1957ലെ ഇ.എം.എസ്. സർക്കാരിൽത്തുടങ്ങി ഇപ്പോൾ പിണറായി വിജയൻ നേതൃത്വം നൽകുന്ന സർക്കാരിലെത്തിനിൽക്കുന്ന കേരളം, പോയനാളുകളിൽ കൈവരിച്ച നേട്ടങ്ങൾ സിനിമ – സംഗീത രംഗത്തെ 54 പ്രമുഖർ വിർച്വൽ ഗീതാജ്ഞലിയായി കേരളത്തിനു മുന്നിൽ അവതരിപ്പിച്ചു. ഇത്രയധികം ഗായകരും സംഗീതജ്ഞരും പങ്കാളികളാകുന്ന ഒരു സംഗീതശിൽപ്പം മലയാളത്തിൽ ആദ്യത്തേതാണ്.

മമ്മൂട്ടിയുടെ സമർപ്പണാവതരണത്തോടെ തുടങ്ങിയ ഗീതാജ്ഞലിക്കു ഡോ. കെ.ജെ. യേശുദാസ്, മോഹൻലാൽ, എ.ആർ. റഹ്‌മാൻ, ഹരിഹരൻ, പി.ജയചന്ദ്രൻ, കെ.എസ്. ചിത്ര, സുജാത, എം.ജി ശ്രീകുമാർ, അംജത് അലിഖാൻ, ഉമയാൾപുരം ശിവരാമൻ, ശിവമണി, ജയറാം, കരുണാമൂർത്തി, സ്റ്റീഫൻ ദേവസ്യ, ഉണ്ണിമേനോൻ, ശ്രീനിവാസ്, ഉണ്ണികൃഷ്ണൻ, വിജയ് യേശുദാസ്, മധുബാലകൃഷ്ണൻ, ശ്വേതാമോഹൻ, ഔസേപ്പച്ചൻ, എം. ജയചന്ദ്രൻ, ശരത്, ബിജിബാൽ, രമ്യാനമ്പീശൻ, മഞ്ജരി, സുധീപ്കുമാർ, നജിം അർഷാദ്, ഹരിചരൻ, മധുശ്രീ, രാജശ്രീ, കല്ലറ ഗോപൻ, അപർണ രാജീവ്, വൈക്കം വിജയലക്ഷ്മി, സിതാര, ഹരികൃഷ്ണൻ, സയനോര, രാജലക്ഷ്മി, കല്ലറഗോപൻ, മുരുകൻ കാട്ടാക്കട, പി.കെ. മേദിനി എന്നിവരടക്കം ചലച്ചിത്രരംഗത്തെ പ്രമുഖർ ശബ്ദം പകർന്നു. 38 ഓളം കവിതകളും നാടക ഗാനങ്ങളും പഴയകാല ചലച്ചിത്ര ഗാനങ്ങളുമെല്ലാം 21 മിനിറ്റു നീണ്ട നവകേരള ഗീതാജ്ഞലിയിൽ നിറഞ്ഞു. കവി പ്രഭാവർമയും റഫീഖ് അഹമ്മദുമാണ് ഓരോ കാലഘട്ടത്തിന്റെയും പാട്ടുകളേയും കവിതകളേയും ഇഴചേർക്കാൻ വരികളെഴുതിയത്.

സംവിധായകൻ ടി.കെ. രാജീവ്കുമാർ ആശയാവിഷ്‌കാരം നിർവഹിച്ചു. രമേശ് നാരായണൻ സംഗീതം ചിട്ടപ്പെടുത്തി.
മണ്ണും മനുഷ്യനും എന്ന ആശയത്തിലൂന്നിയാണു സംഗീത ദൃശ്യാവിഷ്‌കാരം തയാറാക്കിയതെന്നു ടി.കെ രാജീവ് കുമാർ പറഞ്ഞു. 1957 മുതലുള്ള കേരള സർക്കാരുകൾ നാടിന്റെ പുരോഗതിയിലേക്കുള്ള മാറ്റത്തിനായി സ്വീകരിച്ച ഇടപെടലുകളുടെ നേർക്കാഴ്ചയാണ് സംഗീതാർച്ചനയിൽ ഉള്ളത്. കക്ഷിരാഷ്ട്രീയത്തിനതീതമായി സർക്കാരുകളും പ്രസ്ഥാനങ്ങളും മലയാളിയുടെ ജീവിതത്തെ ഏതു രീതിയിലാണു സ്വാധീനിച്ചതെന്ന് ഇതിൽനിന്നു വ്യക്തമാകുന്നെന്നും രാജീവ് കുമാർപറഞ്ഞു. ഇൻഫർമേഷൻ – പബ്ലിക് റിലേഷൻസ് വകുപ്പും കേരള മീഡിയ അക്കാദമിയും ചേർന്നാണു സംഗീതാവിഷ്‌കാരം നിർമിച്ചത്.