കാസർഗോഡ്: കോവിഡ് സാഹചര്യത്തിൽ ജനങ്ങളുടെ മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിനും കോവിഡിനെ ചെറുക്കുന്നതിന് ജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനുമായി കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ വെബിനാറുകൾ സംഘടിപ്പിച്ചു. സ്‌നേഹിത ജെൻഡർ ഹെൽപ് ഡെസ്‌ക്കിന്റെ ഭാഗമായി എക്‌സ്‌പേർട്ട് ടോക്ക് കോ-സീരീസ് എന്ന പേരിൽ എട്ട് ദിവസങ്ങളിലായി ഗൂഗിൾ മീറ്റ് വഴിയാണ് എട്ട് ദിന പരിപാടി നടന്നത്. വെബിനാർ കോ -സീരീസിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ നിർവഹിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ ടി ടി സുരേന്ദ്രൻ അധ്യക്ഷനായി. എഡിഎംസിമാരായ ഹരിദാസ് ഡി, ഇഖ്ബാൽ സിഎച്ച് എന്നിവർ സംസാരിച്ചു. എ ഡി എം സി സി പ്രകാശൻ പാലായി സ്വാഗതവും ഡി പി എം ആരതി മേനോൻ നന്ദിയും പറഞ്ഞു.
ലോക്കഡൗണിൽ വിവിധ വിഷയങ്ങളിലായി വിദഗ്ധരായ വ്യക്തികളാണ് ക്ലാസ്സുകൾ കൈകാര്യം ചെയ്തത്. കോവിഡും ആരോഗ്യശീലങ്ങളും, കോവിഡ് കാലത്തെ മാനസികാരോഗ്യം എങ്ങനെ സംരക്ഷിക്കാം, കന്നഡ മേഖലയിലുള്ള ന്യൂനപക്ഷത്തിനു വേണ്ടി കോവിഡും ആരോഗ്യശീലങ്ങളും, കോവിഡ് കാലത്തെ കൃഷി, കോവിഡും പ്രതിരോധ മാർഗ്ഗങ്ങളും, സ്ത്രീ സ്വാന്തനം ഹോമിയോപ്പതിയിലൂടെ, പ്രതിസന്ധികളെ അതിജീവിക്കാം, കോവിഡ് -ആരോഗ്യ വകുപ്പിന്റെ നിർദ്ദേശങ്ങളും സംശയ നിവാരണവും, നേതൃത്വഗുണങ്ങളും പ്രസംഗ പരിശീലനവും തുടങ്ങിയ ക്ലാസുകൾ നടന്നു. ഓരോ വെബിനാറിലും 100 പേർ പങ്കെടുത്തു.
