കൊല്ലം: കോവിഡ് പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി കൊല്ലം നഗരസഭയുടെ കീഴിലുള്ള ഫാത്തിമ മാതാ നാഷണല്‍ കോളേജിലെ സെന്റ് തോമസ് ഹോസ്റ്റലില്‍ കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രം ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് മേയര്‍ പ്രസന്ന ഏണസ്റ്റ് അറിയിച്ചു. 138 കിടക്കകള്‍ സജ്ജമാക്കിയിട്ടുള്ള കേന്ദ്രം മേയര്‍ സന്ദര്‍ശിച്ച് ക്രമീകരണങ്ങള്‍ വിലയിരുത്തി. കൊല്ലം വെസ്റ്റ് റോട്ടറി ക്ലബ് വീല്‍ ചെയറും എന്‍.ജി.ഒ. യൂണിയന്‍ കൊല്ലം ജില്ലാ കമ്മിറ്റി വാഷിംഗ് മെഷീനും കൊല്ലം മാസ്സ് സംഘടന ടെലിവിഷനും സി.എഫ്.എല്‍.ടി.സിയില്‍ സംഭാവന നല്‍കി. കോര്‍പ്പറേഷന്റെ പുനരധിവാസ കേന്ദ്രത്തില്‍ കഴിയുന്നവര്‍ക്ക് ആവശ്യമായ വസ്ത്രങ്ങള്‍ കൊല്ലം വൈ. എം. സി. എ. മേയര്‍ക്ക് കൈമാറി.
ജില്ലയിലെ മറ്റ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. ഓച്ചിറ ഗ്രാമപഞ്ചായത്തില്‍ കമ്മ്യൂണിറ്റി കിച്ചന്‍ പ്രവര്‍ത്തനമാരംഭിച്ചു. കോവിഡ് രോഗികള്‍ക്കും ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്കും സന്നദ്ധ പ്രവര്‍ത്തകരുടെ സഹായത്തോടെ ഭക്ഷണം എത്തിച്ചു നല്‍കുന്നുണ്ട്.
