ബാലവേല, ബാലഭിക്ഷാടന, ബാലചൂഷണ, തെരുവ് ബാല്യ വിമുക്ത കേരളം എന്ന ലക്ഷ്യത്തിനായി ആവിഷ്‌കരിച്ച ശരണബാല്യം പദ്ധതിയുടെ ഭാഗമായി  ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് ബാലകൗമാര വേല നിരോധനവും നിയന്ത്രണവും നിയമം, ബാലവേല; തൊഴിലുടമകള്‍ ശ്രദ്ധിക്കേണ്ടത് എന്നീ വിഷയങ്ങളില്‍ ജില്ലയിലെ തൊഴിലുടമകള്‍ക്കായി സംഘടിപ്പിക്കുന്ന വെബിനാര്‍ സീരീസിന് തുടക്കമായി.

ജില്ലയിലെ വ്യാപാരി വ്യവസായികള്‍ക്കായി സംഘടിപ്പിച്ച ഓണ്‍ലൈന്‍ ബോധവല്‍കരണ ക്ലാസ് കേരള സംസ്ഥാന ബാലാവകാശ കമ്മീഷന്‍ അംഗം ശ്യാമളാ ദേവി പി പി ഉദ്ഘാടനം ചെയ്തു. ജില്ലാ ലേബര്‍ ഓഫീസര്‍ കേശവന്‍ എം മുഖ്യാതിഥിയായി. ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ ബിന്ദു സി എ ക്ലാസ് നയിച്ചു. വ്യാപാരി വ്യവസായി സമിതി ജില്ലാ പ്രസിഡന്റ് ഗോപാലന്‍ പി കെ, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് അഹമ്മദ് ഷെരീഫ്, ജില്ലാ ശിശു സംരക്ഷണ ഓഫീസിലെ സോഷ്യല്‍ വര്‍ക്കര്‍മാരായ അശ്വിന്‍ ബി, ശോഭ എം എന്നിവര്‍ സംസാരിച്ചു.