ജില്ലയിലെ ശക്തികുളങ്ങര, അഴീക്കല്‍, തങ്കശ്ശേരി, ഹാര്‍ബറുകള്‍ക്കും അനുബന്ധ ലേലഹാളുകള്‍ക്കും കര്‍ശന നിബന്ധനകളോടെ  മെയ് 23 അര്‍ദ്ധരാത്രി മുതല്‍ താത്കാലിക പ്രവര്‍ത്തനാനുമതി നല്‍കി ജില്ലാ കലക്ടര്‍ ഉത്തരവായി. നീണ്ടകര ഹാര്‍ബറിന് പ്രവര്‍ത്തന അനുമതിയില്ല.
മത്സ്യത്തൊഴിലാളികള്‍, കച്ചവടക്കാര്‍, ലേലക്കാര്‍, ഡ്രൈവര്‍മാര്‍ തുടങ്ങിയവര്‍ക്ക് ഹാര്‍ബറുകളില്‍ പ്രവേശിക്കുന്നതിന് കോവിഡ് നെഗറ്റീവ് പരിശോധനാഫലം നിര്‍ബന്ധമാണ്. കോവിഡ് ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത യാനങ്ങള്‍ക്ക് മാത്രമാണ് അനുമതി. ഒറ്റ-ഇരട്ട അക്ക വ്യവസ്ഥയിലാണ് ഹാര്‍ബറുകളില്‍ പ്രവേശനം. രോഗവ്യാപനം കൂടുതലുള്ള മേഖലകളില്‍നിന്നും കണ്ടയിന്‍മെന്റ് സോണില്‍ നിന്നും വരുന്ന തൊഴിലാളികള്‍ക്ക് പ്രവേശനാനുമതിയില്ല.
യാനങ്ങള്‍ പുറപ്പെടുന്ന സ്ഥലത്തു തന്നെ തിരികെ അടുപ്പിക്കണം. നീണ്ടകരയില്‍ നിന്നുള്ള ബോട്ടുകള്‍ക്ക് ശക്തികുളങ്ങരയില്‍ പ്രവേശനം നിരോധിച്ചിട്ടുണ്ട്.
ഹാര്‍ബറുകളിലും യാനങ്ങളിലും കോവിഡ് മാനദണ്ഡം കര്‍ശനമായി പാലിക്കണം. മാനദണ്ഡ ലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശനനടപടി സ്വീകരിക്കുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.