തരൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്തു

സര്‍ക്കാര്‍ നടത്തുന്ന വികസനപ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ ജനങ്ങള്‍തന്നെ മുന്നിട്ടിറങ്ങണമെന്ന് പട്ടികജാതി-വര്‍ഗ-പിന്നാക്കക്ഷേമ-നിയമ-സാംസ്‌കാരിക-പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി എ.കെ. ബാലന്‍ പറഞ്ഞു. എം.എല്‍.എ യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 50 ലക്ഷം ചെലവിട്ട് നിര്‍മിച്ച തരൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ജനവികാരം മനസിലാക്കിയുള്ള വികസന പ്രവര്‍ത്തനങ്ങള്‍ക്ക് രാഷ്ട്രീയ ഭേദമന്യേയുള്ള പിന്തുണ ലഭിക്കും.അടുത്തിടെയുണ്ടായ കേരള മനസാക്ഷിയെ ഞെട്ടിച്ച സംഭവങ്ങളില്‍ ശക്തമായ നടപടിയാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. പുതിയ സാമ്പത്തിക വര്‍ഷത്തില്‍ തരൂര്‍ നിയോജകമണ്ഡലത്തിലെ റോഡ് വികസനത്തിനായി കിഫ്ബി വഴി 150 കോടിയുടെ പ്രവര്‍ത്തനങ്ങള്‍ നടത്തും. പഴമ്പാലക്കോട് ഗവ.പാരാമെഡിക്കല്‍ ഇന്‍സ്റ്റിറ്റിയുട്ടില്‍ നാല് കോടി ചെലവിട്ട് നിര്‍മിക്കുന്ന മൂന്ന് നില കെട്ടിടം ഉടന്‍ ഉദ്ഘാടനം ചെയ്യും. കുത്തന്നൂര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളെജ് ഈ വര്‍ഷം പ്രവര്‍ത്തനം ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
തരൂര്‍ കെ.പി.കേശവമേനോന്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. മനോജ് കുമാര്‍ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ശാന്തകുമാരി മുഖ്യാതിഥിയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ചാമുണ്ണി ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ കാബിന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം ലീല മാധവന്‍, ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ പങ്കെടുത്തു.