കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ കോവിഡ് ചികിത്സാ കേന്ദ്രങ്ങളില്‍ കൂടുതല്‍ ഓക്‌സിജന്‍ കിടക്കകള്‍ സജ്ജീകരിക്കും. ചവറ ശങ്കരമംഗലം സര്‍ക്കാര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഗ്രൗണ്ടിലും കെ.എം.എം.എല്‍ ഗ്രൗണ്ടിലുമായി കോവിഡ് രോഗികള്‍ക്കായി ആരംഭിക്കുന്ന ആയിരത്തിലധികം ഓക്‌സിജന്‍ കിടക്കകള്‍ അടങ്ങുന്ന താല്‍ക്കാലിക കോവിഡ് ചികിത്സാകേന്ദ്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഡോ. സുജിത്ത് വിജയന്‍പിള്ള എം.എല്‍.എ വിലയിരുത്തി. ചികിത്സാ കേന്ദ്രത്തിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിലാണ്.

വെളിയം പഞ്ചായത്തിലെ ഓടനാവട്ടത്ത് പ്രവര്‍ത്തിക്കുന്ന സി.എഫ്.എല്‍.ടി.സി യില്‍ ഓക്‌സിജന്‍ സൗകര്യത്തോടെയുള്ള കിടക്കകള്‍ സജ്ജീകരിച്ചു. നാല് ഓക്‌സിജന്‍ സിലിണ്ടറുകളാണ് ഇവിടെ ലഭ്യമാക്കിയിരിക്കുന്നത്. ഡോക്ടര്‍മാരുടെയും സ്റ്റാഫ് നേഴ്സുമാരുടെയും സേവനം ഇവിടെ ഒരിക്കിയിട്ടുണ്ടെന്നു പഞ്ചായത്ത് പ്രസിഡന്റ് ആര്‍. ബിനോജ് പറഞ്ഞു.
കോര്‍പ്പറേഷന്‍ പരിധിയിലെ മൂന്നാമത്തെ സമൂഹ അടുക്കള സി. കേശവന്‍ മെമ്മോറിയല്‍ ടൗണ്‍ ഹാളില്‍ മേയര്‍ പ്രസന്ന ഏണസ്റ്റ് ഉദ്ഘാടനം ചെയ്തു. ഇന്നലെ(മെയ് 26) ഉച്ചക്ക് മാത്രം 963 പൊതിച്ചോറുകളാണ് നല്‍കിയത്. കോവിഡ് രോഗികള്‍ക്കായി മൂന്ന് നേരവും ഇവിടെ നിന്നു ഭക്ഷണം ലഭ്യമാക്കുമെന്ന് മേയര്‍ അറിയിച്ചു.

കരീപ്ര ഗ്രാമപഞ്ചായത്തില്‍ 5000 എന്‍95 മാസ്‌ക്കുകള്‍ വിതരണം ചെയ്തു. എയറോഫില്‍ ഫില്‍റ്റേഴ്‌സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണ് മാസ്‌കുകള്‍ സംഭാവന ചെയ്തത്. പ്രസിഡന്റ് പി.എസ്. പ്രശോഭ, സെക്രട്ടറി ബി. ബാലകൃഷ്ണപിള്ള എന്നിവര്‍ ചേര്‍ന്ന് മാസ്‌കുകള്‍ ഏറ്റുവാങ്ങി.
കോവിഡ് ബാധിതരായി വീടുകളില്‍ കഴിയുന്ന 25 കുട്ടികള്‍ക്ക് കൊട്ടാരക്കര നഗരസഭയുടെ നേതൃത്വത്തില്‍ ഡോക്ടറുടെ സേവനവും ബോധവല്‍ക്കരണവും ലഭ്യമാക്കി. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ശിശുരോഗ വിദഗ്ധന്‍ ഡോ. അനില്‍ തര്യന്റെ നേതൃത്വത്തില്‍ ആയിരുന്നു പരിശോധന. കോവിഡ് ബാധിതരായ കുട്ടികള്‍ക്ക് സുരക്ഷയും കരുതലും ഉറപ്പുവരുത്തുന്നതിനുള്ള ശ്രമങ്ങളാണ് നഗരസഭയുടെ നേതൃത്വത്തില്‍ നടത്തുന്നതെന്നു ചെയര്‍മാന്‍ എ. ഷാജു പറഞ്ഞു.