പരിസ്ഥിതി ദിനമായ ജൂണ്‍ 5 മുതല്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രചാരണ പരിപാടികളില്‍ ഫ്‌ളക്‌സുകള്‍ക്ക് പകരം തുണി ഉപയോഗിക്കുമെന്ന് പ്രഖ്യാപനം. തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ സാന്നിധ്യത്തില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സംയുക്ത വാര്‍ത്താ സമ്മേളനത്തിലാണ് ഇതുസംബന്ധിച്ച ജില്ലാതല പ്രഖ്യാപനം രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ നടത്തിയത്.  ഇതുമായി ബന്ധപ്പെട്ട് മേയര്‍  ഇ.പി.ലത, പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.സുമേഷ്, ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി എന്നിവരുടെ നേതൃത്വത്തില്‍ നേരത്തേ വിളിച്ചുചേര്‍ത്ത രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടെ യോഗത്തില്‍ എടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പ്രഖ്യാപനം.
പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഫ്‌ളക്‌സ് ഉപയോഗിക്കില്ലെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ എടുത്ത തീരുമാനം മാതൃകാപരമാണെന്ന് പ്രഖ്യാപന വേളയില്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അഭിപ്രായപ്പെട്ടു. പ്ലാസ്റ്റിക്-ഫ്‌ളക്‌സ് മാലിന്യങ്ങള്‍ മനുഷ്യനും പ്രകൃതിക്കും വലിയ നാശമാണ് വരുത്തിവയ്ക്കുന്നത്. നാമോരോരുത്തരും തന്നെയാണ് പ്രകൃതി മലിനീകരണത്തിനും മാരകരോഗങ്ങള്‍ക്കും കാരണമാവുന്ന ഇവയുടെ വ്യാപനത്തിന് ഉത്തരവാദികള്‍.  പ്ലാസ്റ്റിക്കിന്റെയും ഫ്‌ളക്‌സിന്റെയും ഉപയോഗം നിയന്ത്രിക്കുകയല്ലാതെ ഈ വിപത്തിനെ നേരിടാന്‍ മറ്റ് മാര്‍ഗങ്ങളില്ലെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങള്‍ക്കിടയില്‍ ഇതേക്കുറിച്ചുള്ള ബോധവല്‍ക്കരണം ശക്തമാക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രഖ്യാപനം സഹായകമാവുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കോര്‍പറേഷന്‍ ഉള്‍പ്പെടെയുള്ള നഗരപ്രദേശങ്ങളാണ് ഫ്‌ളക്‌സ്-പ്ലാസ്റ്റിക്ക് മാലിന്യങ്ങളുടെ ദുരന്തം കൂടുതല്‍ അനുഭവിക്കുന്നതെന്ന് മേയര്‍ ഇ.പി ലത പറഞ്ഞു. കോര്‍പറേഷന്‍ പ്രദേശത്ത് ഇനിമുതല്‍ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ അനുവദിക്കില്ലെന്നും ഉപയോഗിക്കുന്നവര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്നും അവര്‍ അറിയിച്ചു.
രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ എല്ലാ തദ്ദേശ സ്ഥാപനങ്ങളും ഇതുമായി ബന്ധപ്പെട്ട് പ്രത്യേക യോഗം ചേരുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് അറിയിച്ചു. ഫ്‌ളക്‌സ് ഒഴിവാക്കുന്നതായുള്ള നിര്‍ദ്ദേശം എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും താഴേത്തട്ടിലേക്ക് എത്തിക്കണം. ജൂണ്‍ അഞ്ചിന് ശേഷം രാഷ്ട്രീയ പാര്‍ട്ടികളുടേത് ഉള്‍പ്പെടെയുള്ള ഫ്‌ളക്‌സ് ബോര്‍ഡുകളും ബാനറുകളും നീക്കം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
ഫ്‌ളക്‌സിനു പകരം തുണി ഉപയോഗിക്കുമെന്ന ജില്ലയിലെ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രഖ്യാപനം രാജ്യത്തുതന്നെ ഇത്തരത്തിലുള്ള ആദ്യത്തെ സംഭവമായിരിക്കുമെന്ന് ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി അഭിപ്രായപ്പെട്ടു. പ്ലാസ്റ്റിക് കാരിബാഗും ഡിസ്‌പോസബ്ള്‍സും ഒഴിവാക്കി മാതൃക കാട്ടിയ ജില്ലയ്ക്ക് ഫ്‌ളക്‌സിന്റെ കാര്യത്തിലും മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവയ്ക്കാന്‍ സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പുനചംക്രമണം സാധ്യമല്ലാത്ത ക്ലോറിനേറ്റഡ് ഫ്‌ളക്‌സ് കത്തിക്കുമ്പോള്‍ ഉണ്ടാകുന്ന ഡയോക്‌സിന്‍, ഫ്യൂറാന്‍ തുടങ്ങിയ വാതകങ്ങള്‍ കാന്‍സറിന് കാരണമാവുമെന്ന് കണ്ടെത്തിയതിന്റെ പശ്ചാത്തലത്തില്‍ ഇത്തരം മള്‍ട്ടി ലെയര്‍ പ്ലാസ്റ്റിക്കുകളുടെ ഉല്‍പ്പാദനവും ഉപയോഗവും നിര്‍ത്തലാക്കാന്‍ 2016 മാര്‍ച്ച് 18ന് നിലവില്‍ വന്ന പ്ലാസ്റ്റിക് വെയ്സ്റ്റ് മാനേജ്‌മെന്റ് റൂള്‍ വ്യക്തമാക്കിയിരുന്നു.
വിവിധ രാഷ്ട്രീയ പാര്‍ട്ടികളെ പ്രതിനിധീകരിച്ച് പി.വി ഗോപിനാഥ് (സി.പി.ഐ.എം), പൊന്നമ്പത്ത് ചന്ദ്രന്‍ (ഐ.എന്‍.സി), അന്‍സാരി തില്ലങ്കേരി (മുസ്ലിംലീഗ്), കെ. രാധാകൃഷ്ണന്‍ (ബി.ജെ.പി), സി.പി ഷൈജന്‍ (സി.പി.ഐ), ബാബു ഗോപിനാഥ് (കോണ്‍ഗ്രസ്-എസ്), പി.പി ദിവാകരന്‍ (ജനതാദള്‍ -എസ്), ജോണ്‍സണ്‍ പി. തോമസ് (ആര്‍.എസ്.പി), സി.വി ശശീന്ദ്രന്‍ (സി.എം.പി), രതീഷ് ചിറക്കല്‍ (കേരള കോണ്‍ഗ്രസ് -ബി), കെ.വി സലീം, അബ്ദുള്‍ റഷീദ് (ഐ.എന്‍.എല്‍-ഡി), ബര്‍മബാസ് ഫര്‍ണാണ്ടസ് (വെല്‍ഫെയര്‍ പാര്‍ട്ടി) തുടങ്ങിയവര്‍ പങ്കെടുത്തു.