** ഒരാൾ മരിച്ചു, രണ്ടു പേരെ കാണാതായി
പൂന്തുറ, വിഴിഞ്ഞം തീരങ്ങളിൽനിന്നു കടലിൽപ്പോയ മത്സ്യത്തൊഴിലാളികൾ സഞ്ചരിച്ച യാനങ്ങൾ തിരയിൽപ്പെട്ടുണ്ടായ അപകടത്തിൽ രക്ഷാപ്രവർത്തനങ്ങളും തിരച്ചിലും ഏകോപിപ്പിക്കുന്നതിനായി മന്ത്രിമാർ നേരിട്ടെത്തി. ഫിഷറീസ് മന്ത്രി സജി ചെറിയാൻ, റവന്യൂ മന്ത്രി കെ. രാജൻ, സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിൽ, ഗതാഗത മന്ത്രി ആന്റണി രാജു എന്നിവർ ഇന്നലെ (26 മേയ്) രാവിലെതന്നെ വിഴിഞ്ഞത്തെത്തി തിരച്ചിൽ ഊർജിതമാക്കാൻ നിർദേശം നൽകി. ചൊവ്വാഴ്ച രാത്രിയുണ്ടായ ശക്തമായ കാറ്റിലും മഴയിലുമാണു മത്സ്യബന്ധന യാനങ്ങൾ അപകടത്തിൽപ്പെട്ടത്. അപകടമുണ്ടായ ഉടൻ ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസയുടെ നേതൃത്വത്തിൽ കോസ്റ്റ് ഗാർഡുമായി ബന്ധപ്പെട്ട് കാണാതായവർക്കായി തിരച്ചിൽ ആരംഭിച്ചിരുന്നു.
അപകടത്തിൽ ഒരാൾ മരിച്ചു. രണ്ടു പേരെ കാണാതായി. പൂന്തുറ സ്വദേശി ഡേവിഡ്‌സൺ ആണ് മരിച്ചത്. അപകടത്തിൽ കാണാതായ ജോസഫ്, സേവ്യർ എന്നിവർക്കായി തീരസംരക്ഷണ സേനയുടെ നേതൃത്വത്തിൽ തിരച്ചിൽ തുടരുകയാണ്. ആറു മത്സബന്ധന യാനങ്ങളാണ് അപകടത്തിൽപ്പെട്ടത്. പൂന്തുറയിൽനിന്നു വള്ളത്തിൽ കടലിൽ പോയതാണ് മരിച്ച ഡേവിഡ്‌സൺ. ഒപ്പമുണ്ടായിരുന്നവരിൽ രണ്ടു പേർ നീന്തി കരയ്‌ക്കെത്തി. ഒരാളെ തീരസംരക്ഷണ സേന രക്ഷപ്പെടുത്തി.
മൂന്നു പേരുമായി കടലിൽ പോയ സിന്ധുമാത എന്ന ബോട്ടിലെ രണ്ടു പേരെ പുലർച്ചെ രണ്ടരയോടെ കോസ്റ്റ് ഗാർഡ് രക്ഷപ്പെടുത്തി. ഈ ബോട്ടിൽ മത്സ്യബന്ധനത്തിനു പോയതാണ് കാണാതായ ജോസഫ്. വിഴിഞ്ഞത്തുനിന്നു മൂന്നു പേരുമായി പോയ വള്ളത്തിലുണ്ടായിരുന്നയാളാണു കാണാതായ ശബരിയാർ എന്ന സേവ്യർ. ഒപ്പമുണ്ടായിരുന്ന രണ്ടു പേർ രക്ഷപ്പെട്ടു കരയിൽ തിരിച്ചെത്തി. അപകടത്തിൽപ്പെട്ട മറ്റു മൂന്നു ബോട്ടുകളിലെ തൊഴിലാളികൾ സുരക്ഷിതരായി കരയിൽ തിരിച്ചെത്തി.
അപകടവിവരമറിഞ്ഞ ഉടൻ ജില്ലാ എമർജൻസി ഓപ്പറേഷൻസ് സെന്റർ കൊച്ചിയിലെ ജോയിന്റ് ഓപ്പരേഷൻസ് സെന്ററിൽ വിവരങ്ങൾ അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ കൊച്ചിയിൽനിന്ന് വലിയ കപ്പൽ രക്ഷാപ്രവർത്തനത്തിന് എത്തിയിട്ടുണ്ട്. ഡ്രോണിയർ എയർക്രാഫ്റ്റുകളും തിരച്ചിലിൽ ഉണ്ട്. പൂന്തുറ, വിഴിഞ്ഞം പ്രദേശങ്ങൾ കളക്ടർ സന്ദർശിച്ചു മത്സ്യത്തൊഴിലാളികളുമായി ആശയവിനിമയം നടത്തി.