തിരുവനന്തപുരം: പൊഴിയൂരിൽ ശക്തമായ കടൽക്ഷോഭത്തിൽ തകർന്ന  പ്രദേശങ്ങൾ പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി അഡ്വ.പി.എ. മുഹമ്മദ്‌ റിയാസ് സന്ദർശിച്ചു. പരുത്തിയൂർ ബീച്ച്, മുല്ലശ്ശേരി തുടങ്ങിയ സ്ഥലങ്ങളിൽ തകർന്ന വീടുകളും  പൊഴിയൂർ-കൊല്ലംകോട് റോഡിലെ കടലെടുത്ത ഭാഗവുമാണ് മന്ത്രി സന്ദർശിച്ചത്. കെ.ആൻസലൻ എം.എൽ.എ, മറ്റു പ്രാദേശിക നേതാക്കൾ തുടങ്ങിയവർ മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.

പൊഴിയൂർ-കൊല്ലംകോട് റോഡിലെ  തകർന്ന ഭാഗങ്ങളിൽ പുനർനിർമാണം നടത്തുന്നത് മന്ത്രി വിലയിരുത്തി. റോഡ് എത്രയും വേഗം പഴയപടി ആക്കണമെന്ന് പി.ഡബ്ള്യു.ഡി ഉദ്യോഗസ്ഥരോട് മന്ത്രി നിർദേശിച്ചു.
കടൽക്ഷോഭത്തിൽ വീടുകൾ തകർന്നതുമൂലം ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റപ്പെട്ട ആളുകളുടെ വിവരങ്ങൾ മന്ത്രി ചോദിച്ചുമനസിലാക്കി അവർക്ക് വേണ്ട എല്ലാ സഹായങ്ങളും ചെയ്യുമെന്നും  ഉറപ്പുനൽകി. പി.ഡബ്ള്യു.ഡി, ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ മന്ത്രിക്കൊപ്പമുണ്ടായിരുന്നു.