അമ്മയുടെ കൈ പിടിച്ചു സ്‌കൂളില്‍ ചേരാന്‍ വന്ന ഒരു കുട്ടിയുടെ മുഖത്തു പോലും കരച്ചില്‍ കണ്ടില്ല. സ്‌കൂള്‍ മുഴുവന്‍ തോരണങ്ങളാലും ബലൂണുകളാലും അലങ്കരിച്ചിരുന്നു. കുരുന്നുകള്‍ക്കെല്ലാം വര്‍ണതൊപ്പിയും ബലൂണുകളും നല്‍കി സ്വീകരിക്കാന്‍ ടീച്ചര്‍മാര്‍ മുന്നിലുണ്ട്. കുഞ്ഞുങ്ങളെ വരവേല്‍ക്കുന്ന സ്വാഗതഗാനം മൈക്കിലൂടെ കേള്‍ക്കാം. അധ്യാപകര്‍ കുട്ടികള്‍ക്ക് രസകരമായി ക്ലാസെടുക്കുന്നതിന്റെ ദൃശ്യങ്ങള്‍ കാണിക്കുന്നുമുണ്ട്. ഇതെല്ലാം കണ്ട് അദ്ഭുത ലോകത്തിലായിരുന്നു പുതുതായി സ്‌കൂളില്‍ ചേര്‍ന്ന കുട്ടികള്‍. ജില്ലയില്‍ സ്‌കൂള്‍ പ്രവേശനോല്‍സവം നടക്കുന്ന കോങ്ങാട് ഗവ.യു.പി.സ്‌കൂളിലാണ് രസകരമായ ഈ കാഴ്ചകള്‍.
വിദ്യാര്‍ഥികളുടെ ഹാജര്‍ കുറയാതിരിക്കുന്നതിനും 220 അധ്യയന ദിവസങ്ങള്‍ നിര്‍ബന്ധമാക്കുന്നതിനുമാണ് മുന്‍ വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി ജൂണ്‍ ഒന്നിനു തന്നെ സ്‌കൂള്‍ തുറക്കുന്നതെന്ന് പ്രവേശനോല്‍സവം ഉദ്ഘാടനം ചെയ്ത കെ.വി.വിജയദാസ് എം.എല്‍.എ പറഞ്ഞു. സകൂള്‍ തുറക്കുന്നതിനു മുമ്പു തന്നെ പാഠപുസ്തകങ്ങളും യൂനിഫോമും വിതരണം ചെയ്തത് സര്‍ക്കാരിന്റെ അഭിമാനകരമായ നേട്ടമാണെന്ന് അദ്ദേഹം പറഞ്ഞു. സര്‍ക്കാരിന്റെ മികച്ച വിദ്യാഭ്യാസ നയങ്ങളുടെ ഫലമായി അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ നിന്നും കുട്ടികള്‍ സര്‍ക്കാര്‍ സ്‌കൂളുകളിലേക്ക് വരാന്‍ തുടങ്ങി. സര്‍ക്കാര്‍ സ്‌കൂളുകളെ അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്തുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും കെ.വി.വിജയദാസ് എം.എല്‍.എ പറഞ്ഞു.
കോങ്ങാട് സ്‌കൂളില്‍ നാല് ലക്ഷത്തോളം ചെലവഴിച്ച് വിദ്യാര്‍ഥികള്‍ക്ക് രാവിലെയും ഉച്ചയ്ക്കും സൗജന്യ ഭക്ഷണം നല്‍കാന്‍ നിര്‍മിച്ച സ്റ്റീം കിച്ചന്റെ ഉദ്ഘാടനവും ഇതോടനുബന്ധിച്ച് നടന്നു. ഈ അധ്യയന വര്‍ഷത്തില്‍ 138 കുട്ടികളാണ് കോങ്ങാട് ഗവ.യു.പി.സ്‌കൂളില്‍ ഒന്നാം ക്ലാസിലേക്ക് പ്രവേശനം നേടിയിരിക്കുന്നത്. പ്രീ പ്രൈമറി വിഭാഗത്തില്‍ 235 കുട്ടികളുമുണ്ട്. ഇവരുള്‍പ്പെടെ 450 ഓളം കുട്ടികള്‍ക്ക് സൗജന്യ പഠനോപകരണ കിറ്റ് വിതരണം ചെയ്തു. വിദ്യാഭ്യാസ വകുപ്പിന്റെ ഹരിത വിദ്യാലയം റിയാലിറ്റി ഷോയില്‍ സംസ്ഥാനത്ത് ഒന്നാം സ്ഥാനം നേടിയ സ്‌കൂളാണ് കോങ്ങാട് ഗവ.യു.പി.സ്‌കൂള്‍. വിദ്യാര്‍ഥികള്‍ക്കും പൊതുജനങ്ങള്‍ക്കുമായി നിറവ് എന്ന പേരില്‍ ലൈബ്രറി, കുട്ടികളെ തെറ്റുകൂടാതെ മലയാളം എഴുതാന്‍ പഠിപ്പിക്കുന്ന മലയാള തിളക്കം തുടങ്ങി മികച്ച പ്രവര്‍ത്തനങ്ങള്‍ സ്‌കൂളില്‍ നടത്തുന്നുണ്ട്.
പ്രവേശനോത്സവത്തില്‍ ജില്ലാപഞ്ചായത്ത് വൈസ്പ്രസിഡന്റ് ടി.കെ.നാരായണദാസ് അധ്യക്ഷനായി. പാലക്കാട് ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് എം.പി ബിന്ദു, ജില്ലാപഞ്ചായത്ത് അംഗം സി.കെ.രജനി, കോങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ലത, പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ.സുഭദ്ര, കോങ്ങാട് ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ് വി.സേതുമാധവന്‍, വിദ്യഭ്യാസവകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. മലയാള ഭാഷയുടെ പ്രാധാന്യം ഉള്‍ക്കൊള്ളുന്ന നൃത്തശില്പം പരിപാടിയില്‍ അവതരിപ്പിച്ചു.
