കൊവിഡ് കാലത്തും വഴിയോരവാസികള്‍ക്ക് സുരക്ഷിതത്വമേകി പയ്യന്നൂര്‍ നഗരസഭ. വഴിയോര താമസക്കാരുടെ പുനരധിവാസ സംരക്ഷണ പദ്ധതിയായ ‘ചാരെ’യുടെ ഭാഗമായാണ്  നഗരസഭ തെരുവോരവാസികള്‍ക്ക് തണലൊരുക്കുന്നത്. ഇതിന്റെ ഭാഗമായി പയ്യന്നൂര്‍ സുബഹ്‌മണ്യക്ഷേത്ര പരിസരത്ത് താമസിച്ചിരുന്ന ബന്തടുക്കയിലെ വി ബാലകൃഷ്ണന് പഴയങ്ങാടി ഗാഡിയന്‍സ് എയ്ഞ്ചല്‍സ് കെയര്‍ഹോമില്‍ സംരക്ഷണ, സൗകര്യമൊരുക്കി.

നഗരസഭാധ്യക്ഷ കെ വി ലളിതയുടെ നേതൃത്വത്തില്‍ പയ്യന്നൂര്‍ താലൂക്കാശുപത്രി കോവിഡ് കണ്‍ട്രോള്‍ മൊബൈല്‍ യൂനിറ്റിനെ ഉപയോഗപ്പെടുത്തി  കൊവിഡ് പരിശോധനയും, ആരോഗ്യ പരിശോധനയും നടത്തിയാണ് ഇയാളെ കെയര്‍ ഹോമിലെക്ക് മാറ്റിയത്.
വഴിയോര താമസക്കാരുടെ  സംരക്ഷണത്തിന്റെ ഭാഗമായി ഗര്‍ഭിണിയായ സ്ത്രീക്കും, കുട്ടിക്കും ഇതിനോടകം നഗരസഭയുടെ കുട്ടികളുടെ പാര്‍ക്കില്‍ താമസമൊരുക്കി. തെരുവോരങ്ങളില്‍ താമസിക്കുന്നവര്‍ക്കും, അനാഥര്‍ക്കും ലോക്ഡൗണ്‍ തുടങ്ങിയതു മുതല്‍  നഗരസഭയുടെ നേതൃത്വത്തില്‍ ഭക്ഷണ വിതരണവും, ആരോഗ്യ പരിശോധനയും നടന്നുവരുന്നു.

സ്ഥിരം സമിതി അധ്യക്ഷന്‍മാരായ വിവി സജിത, ടി വിശ്വനാഥന്‍, വി ബാലന്‍, കൗണ്‍സലര്‍ അത്തായി പത്മിനി, കൊവിഡ് കണ്‍ട്രോള്‍ മൊബൈല്‍ യൂനിറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍, ഡോ. അബ്ദുള്‍ ജബ്ബാര്‍ ,ജെഎച്ച്‌ഐ. ശ്യാംലാല്‍, കെ ശിവകുമാര്‍ , ഗാര്‍ഡിയന്‍ എയ്ഞ്ചല്‍സ് കെയര്‍ ഹോം പ്രവര്‍ത്തകരായ സലിം ചൂട്ടാട്, ഷംനാദ്, മിഥിലാജ് തുടങ്ങിയവര്‍ സംബന്ധിച്ചു