കിടപ്പ് രോഗികള്‍ക്ക് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിലുള്ള കൊവിഡ് മൊബൈല്‍ വാക്‌സിനേഷന്‍ വെള്ളിയാഴ്ച (മെയ് 28) തുടങ്ങും.  ഇതിനായി രണ്ട് വാഹനങ്ങള്‍ ജില്ലാ പഞ്ചായത്ത് ഒരുക്കി കഴിഞ്ഞു. മൊബൈല്‍ വാക്‌സിനേഷന്‍ വാഹനങ്ങള്‍ രാവിലെ 10.30 ന് വാക്‌സിന്‍ ചലഞ്ചിലൂടെ അഭിമാനമായി മാറിയ ചാലോടന്‍ ജനാര്‍ദ്ദനന്‍ ഫ്‌ളാഗ് ഓഫ് ചെയ്യുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.  ആദ്യഘട്ടത്തില്‍ നല്‍കാനുള്ള വാക്‌സിന്‍ ലഭിച്ചതായും അവര്‍ പറഞ്ഞു.  4500 കിടപ്പ് രോഗികള്‍ ജില്ലയിലുണ്ടെന്നാണ് കണക്ക്.  ആദ്യഘട്ടത്തില്‍ പട്ടികവര്‍ഗ്ഗ മേഖലയിലാണ് മൊബൈല്‍ വാക്‌സിനേഷന്‍ നടത്തുക.  തുടര്‍ന്ന് വാക്‌സിന്‍ ലഭിക്കുന്ന മുറയ്ക്ക് മറ്റ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ ജില്ലയിലുടനീളം മൊബൈല്‍ വാക്‌സിനേഷന്‍ സൗകര്യം ഉറപ്പാക്കും.
കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി നിരവധി പ്രവര്‍ത്തനങ്ങളാണ് ജില്ലാ പഞ്ചായത്ത് ജില്ലാ ആശുപത്രി കേന്ദ്രീകരിച്ച് നടപ്പിലാക്കിയത്.  60 ലക്ഷം രൂപയാണ് ഇതിനായി അനുവദിച്ചത്.  ഏഴ് ദിവസം കൊണ്ട് 15 ലക്ഷം രൂപ ചെലവില്‍ 30 ഓക്‌സിജന്‍ സപ്പോര്‍ട്ട് കിടക്കകളുള്ള കൊവിഡ് വാര്‍ഡ് ഒരുക്കി.  ഓക്‌സിജന്‍ ജനറേറ്ററും ലിക്വിഡ് ഓക്‌സിജന്‍ പ്ലാന്റും സ്ഥാപിക്കുന്നതിനുള്ള പ്രാഥമിക സൗകര്യങ്ങളൊരുക്കാന്‍ 37 ലക്ഷം രൂപ അനുവദിച്ചു.  1.5 കോടി രൂപ ചെലവില്‍ 40 ബെഡ് സൗകര്യമുള്ള പുതിയ കൊവിഡ് വാര്‍ഡിന്റെ പണി പുരോഗമിക്കുന്നു.  ജില്ലാ ആയുര്‍വേദ ആശുപത്രി വഴി 30 ലക്ഷം രൂപയുടെ മരുന്നുകള്‍ വിതരണം ചെയ്തു.  10 ലക്ഷം രൂപ ആയുര്‍വേദ ഡി എം ഒ മുഖേന കൊവിഡാനന്തര ചികിത്സയ്ക്ക് അനുവദിച്ചു.  ലോക്ഡൗണ്‍ തുടങ്ങിയതിന് ശേഷം കണ്ണൂര്‍ നഗരത്തിലെ വിശന്നിരിക്കുന്ന 100 പേര്‍ക്ക് നിത്യവും ഭക്ഷണം നല്‍കിവരുന്നതായും സ്ത്രീകള്‍ക്കായി ജന്‍ഡര്‍ ഹെല്‍പ്പ് ഡസ്‌ക് ഒരുക്കിയതായും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അറിയിച്ചു.