ആലപ്പുഴ: കേരള സ്റ്റേറ്റ് ഡ്രഗ്സ് ആന്റ് ഫാർമസ്യൂട്ടിക്കൽസ് ചെയർമാൻ സ്ഥാനം സി.ബി. ചന്ദ്രബാബു ഒഴിഞ്ഞു. രാഷ്ട്രീയാടിസ്ഥാനത്തിൽ നിയമനം ലഭിച്ചവർ അതത് സ്ഥാനം രാജിവയ്ക്കണമെന്ന തീരുമാനത്തിന്റെ ഭാഗമായി വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് രാജി കൈമാറി. 2016ൽ വാർഷിക വിറ്റുവരവ് വൻ തോതിൽ കുറഞ്ഞ് 26.77 കോടിയും, നഷ്ടം 5.23 കോടിയും ആയ സാഹചര്യത്തിലാണ് കെ.എസ്.ഡി.പിയുടെ ചെയർമാനായി ചന്ദ്രബാബു നിയമിതനായത്. 2021 മാർച്ച് മാസം അവസാനിച്ച സാമ്പത്തിക വർഷം കെ.എസ്.ഡി.പിയുടെ വിറ്റുവരവ് 139 കോടിയും, ലാഭം 15 കോടിയുമായി. സ്തുത്യർഹമായ നിലയിൽ കമ്പനിയെ നയിക്കാൻ കഴിഞ്ഞ ചാരിതാർത്ഥ്യത്തോടെയാണ് പടിയിറക്കം. 1974-ൽ പ്രവർത്തനമാരംഭിച്ച പൊതുമേഖലയിലെ ഔഷധനിർമ്മാണ കമ്പനിയായ കെ.എസ്.ഡി.പി. നിരവധി കയറ്റിറക്കങ്ങൾ നേരിട്ടാണ് ഇന്നത്തെ നിലയിലെത്തിയത്. ഒന്നാം പിണറായി വിജയൻ സർക്കാരിന്റെ ഇച്ഛാശക്തിയോടെയുള്ള പ്രവർത്തനത്തിന്റെ ഭാഗമായി നടപ്പാക്കിയ വിപുലീകരണ നടപടികളാണ് ചന്ദ്രബാബുവിന്റെ നേതൃത്വത്തിൽ പൊതുമേഖല സ്ഥാപനമായ കെ.എസ്.ഡി.പിയുടെ കുതിച്ചുചാട്ടത്തിന് വഴിവച്ചത്. 2016-ൽ എൽ.ഡി.എഫ് സർക്കാർ അധികാരത്തിൽ വരുമ്പോൾ കെ.എസ്.ഡി.പി. പ്രതിസന്ധിയിലായിരുന്നു. സംസ്ഥാന സർക്കാർ ഓരോ വർഷത്തെയും ബജറ്റ് വഴി ആവിഷ്‌ക്കരിച്ച വികസന പദ്ധതിവഴി വൻ കുതിച്ചുചാട്ടമാണ് വിറ്റുവരവിലുണ്ടായത്. 2017-18 മുതൽ കമ്പനി തുടർച്ചയായി ലാഭത്തിലാണ്. ഈ കാലയളവിൽ ബീറ്റാലാക്ടം ഇൻജക്ഷൻ പ്ലാന്റ്, ലബോറട്ടറിയ്ക്ക് എൻ.എ.ബി.എൽ അക്രഡിറ്റേഷൻ, നോൺ ബീറ്റാലാക്ടം പ്ലാന്റ്, ഈ വർഷം ഉത്ഘാടനം ചെയ്ത നോൺ ബീറ്റാലാക്ടം ഇൻജക്ഷൻ പ്ലാന്റ് അങ്ങനെ നവീകരണത്തിന്റെ വിവിധഘട്ടങ്ങളിലൂടെ കെ.എസ്.ഡി.പി. നേട്ടം കൈവരിച്ചു. കാൻസർ മരുന്നുകളുടെ ഉത്പാദനം ലക്ഷ്യമിട്ട ഓങ്കോളജി ഫാർമ പാർക്കിന്റെ നിർമാണത്തിനുള്ള നടപടികൾ വേഗത്തിൽ നടന്നുവരികയാണ്. 6.38 ഏക്കർ സ്ഥലം സർക്കാർ കമ്പനിക്ക് കൈമാറി.
നോൺ ബീറ്റാലാക്ടം ഇൻജക്ഷൻ പ്ലാന്റിനൊപ്പം ആധുനിക സംവിധാനങ്ങൾ ഉള്ള പുതിയ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കും നിർമിച്ചു. കോവിഡ് മഹാമാരി കാലത്ത് ജനങ്ങൾക്കൊപ്പം പ്രതിരോധ പ്രവർത്തനങ്ങളിലും സാനിറ്റൈസർ നിർമാണത്തിലും കമ്പനി സജീവമായത് ചെയർമാന്റെ നേതൃത്വത്തിൽ ആയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ, കഴിഞ്ഞ സർക്കാരിൽ മന്ത്രിമാരായിരുന്ന ഡോ. റ്റി.എം. തോമസ് ഐസക്ക്, ഇ.പി. ജയരാജൻ, എ.സി. മൊയ്തീൻ, കെ.കെ. ശൈലജ ടീച്ചർ, ടി.പി. രാമകൃഷ്ണൻ, മാനേജിംഗ് ഡയറക്ടർ ശ്യാമള എന്നിവർ വലിയ പിന്തുണ സ്ഥാപനത്തിന്റെ വളർച്ചയ്ക്ക് നൽകിയതായി സ്ഥാനമൊഴിയുന്ന ചെയർമാൻ അറിയിച്ചു.