ആലപ്പുഴ: കോവിഡ് 19 ഗൃഹവാസ പരിചരണ കേന്ദ്രത്തിലേക്ക് നിയമിച്ച ജീവനക്കാർക്കും വാർഡുതല കോവിഡ് ചാർജ് ഓഫീസർമാർക്കും പരിശീലനം നൽകി തൈക്കാട്ടുശ്ശേരി ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടർമാരായ ഡോ. ദിലീപ്, ഡോ. വിനീത് മോഹൻ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ജോഷി എന്നിവരുടെ നേതൃത്വത്തിലാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത്. പഞ്ചായത്തിൽ പുതുതായി ആരംഭിച്ച ഗൃഹവാസ പരിചരണ കേന്ദ്രത്തിലേക്ക് നിയോഗിക്കപ്പെട്ട രണ്ട് നഴ്സുമാർ, ആറ് ശുചീകരണ പ്രവർത്തകർ, രണ്ട് സുരക്ഷാ ജീവനക്കാർ, പഞ്ചായത്തിലെ 15 വാർഡുകളിലെയും കോവിഡ് ചാർജ് ഓഫീസർമാരായ ജാഗ്രതാസമിതി പ്രതിനിധികൾ എന്നിവർക്കാണ് പരിശീലനം നൽകിയത്.

ഗൃഹവാസ പരിചരണ കേന്ദ്രത്തിലേക്ക് നിയോഗിക്കപ്പെട്ട ജീവനക്കാർക്കാവശ്യമായ സുരക്ഷാ ഉപകരണങ്ങൾ പഞ്ചായത്ത് നേരത്തെ കൈമാറിയിരുന്നു. എല്ലാ വാർഡുകളിലെയും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്താനും സഹായങ്ങൾ എത്തിക്കുവാനുമായി പൂർണ സജ്ജമായ കോവിഡ് വാർ റൂമും 24 മണിക്കൂറും സേവനം നൽകുന്ന കോൾ സെന്ററും പഞ്ചായത്തിൽ പ്രവർത്തിക്കുന്നുണ്ട്. തൈക്കാട്ടുശ്ശേരി എസ് സി ബി ഹാളിൽ നടന്ന പരിശീലന പരിപാടിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡി. വിശ്വംഭരൻ, പഞ്ചായത്ത് അംഗങ്ങൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.