ഇടുക്കി: ജില്ലയില്‍ പൊതുജനങ്ങളുമായി നേരിട്ടു ബന്ധപ്പെടുന്ന 41 വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്കുള്ള കോവിഡ് വാക്സിനേഷനുള്ള രജിസ്ട്രേഷന്‍ നടപടികള്‍ തുടരുകയാണ്. ഇതു സംബന്ധിച്ച് ജില്ലാ കളക്ടര്‍ എച്ച് ദിനേശന്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ രജിസ്ട്രേഷന്‍ നടപടികള്‍ ഊര്‍ജിതമാക്കാന്‍ തീരുമാനിച്ചു.
ജില്ലയില്‍ ഇപ്പോള്‍ 30000 ഡോസ് വാക്സിന്‍ എത്തിയിട്ടുണ്ട്. 18 വയസു മുതല്‍ 45 വയസില്‍ താഴെയുള്ളവര്‍ക്കു വരെയാണ് നിലവില്‍ വാക്സിന്‍ നല്‍കുന്നത്. മറ്റ് അസുഖ ബാധിതര്‍, പൊതുജനങ്ങളുമായി നേരിട്ടു ബന്ധപ്പെടുന്ന മുന്‍ നിര പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് വാക്സിന്‍ നല്‍കുന്നത്. നിലവില്‍ ആവശ്യത്തിന് വാക്സിന്‍ ഉണ്ടെങ്കിലും രജിസ്ട്രേഷന്‍ കുറവാണ്. ഈ സ്ഥിതിയില്‍ മാറ്റം വരുത്തി മേല്‍പ്പറഞ്ഞ 41 വിഭാഗങ്ങളിലെ ഇനിയും രജിസ്റ്റര്‍ ചെയ്യാത്ത ആളുകള്‍ ഉടന്‍ തന്നെ അത് ചെയ്ത് ആദ്യ ഡോസ് വാക്സിന്‍ സ്വീകരിക്കണമെന്ന് ജില്ലാ കളക്ടര്‍ അഭ്യര്‍ഥിച്ചു. രോഗവ്യാപനവും മരണനിരക്കും കുറയ്ക്കുന്നതിന് വാക്സിനേഷനാണ് ഏറ്റവും ഉചിതമായ മാര്‍ഗം.
പൊതുജനങ്ങളുമായി നേരിട്ടു ബന്ധപ്പെടുന്ന സര്‍ക്കാര്‍ വകുപ്പുകളിലെ ജീവനക്കാര്‍ കൂടാതെ മാധ്യമ പ്രവര്‍ത്തകര്‍, വ്യാപാരികള്‍, ചുമട്ടുതൊഴിലാളികള്‍, റേഷന്‍ കട നടത്തിപ്പുകാര്‍, പഴം-പച്ചക്കറി വില്പനക്കാര്‍, ബേക്കറി നടത്തിപ്പുകാര്‍, ഔഷധവില്പനശാല ജോലിക്കാര്‍ തുടങ്ങി അവശ്യമേഖലകളില്‍ ജോലി ചെയ്യുന്നവര്‍ അതത് ഇടങ്ങളിലെ അവരുടെ സംഘടനകള്‍ മുഖേന ഭാരവാഹികള്‍ രജിസ്റ്റര്‍ ചെയ്താല്‍ മതിയാകും. ഒരു സംഘടനയ്ക്കു കീഴിലെ മുഴുവന്‍ ആളുകളെയും ഇത്തരത്തില്‍ ഗ്രൂപ്പ് ആയി രജിസ്റ്റര്‍ ചെയ്യാം. സ്ഥാപനത്തിന്റെയോ സംഘടനയുടെയോ തിരിച്ചറിയല്‍ കാര്‍ഡുകളോ ആധാര്‍ പോലെ സര്‍ക്കാര്‍ തിരിച്ചറിയല്‍ കാര്‍ഡുകളോ രജിസ്ട്രേഷന് ഉപയോഗിക്കാം. കാറ്റഗറിയില്‍ വരുന്ന എല്ലാ സര്‍ക്കാര്‍ വകുപ്പുകള്‍ക്കും രജിസ്ട്രേഷന്‍ നടപടികള്‍ക്കായി നോഡല്‍ ഓഫീസര്‍മാരെ സര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്.
covid19.kerala.gov.in എന്ന സൈറ്റില്‍ വേണം എല്ലാവരും രജിസ്റ്റര്‍ ചെയ്യേണ്ടത്. വിദേശത്ത് ജോലിക്കു പോകാന്‍ തയാറെടുക്കുന്നവര്‍ അതുമായി ബന്ധപ്പെട്ട ഏതേലും രേഖ ഉപയോഗിച്ചാല്‍ മതി. രജിസ്ട്രേഷന്‍ സംബന്ധിച്ച് എന്തെങ്കിലും സഹായമോ സംശയ നിവാരണമോ ആവശ്യമുണ്ടെങ്കില്‍ തൊട്ടടുത്തുള്ള പി എച്ച് സിയുമായി ബന്ധപ്പെട്ടാല്‍ മതിയെന്ന് കോവിഡ് നോഡല്‍ ഓഫീസര്‍ കൂടിയായ ഡോ. സുരേഷ് വര്‍ഗീസ് അറിയിച്ചു.
തൊടുപുഴയിലെ ഇടുക്കി ജില്ലാ പ്രസ് ക്ലബിലെ അംഗങ്ങള്‍ കൂടാതെ വിവിധ സ്ഥലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പ്രാദേശിക പ്രസ് ക്ലബ്ബുകളിലെ അംഗങ്ങള്‍ക്ക് അതത് ഇടങ്ങള്‍ സൂചിപ്പിച്ച് ഗ്രൂപ്പ് അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. രജിസ്ട്രേഷന്‍ ചെയ്യാനുദ്ദേശിക്കുന്ന വ്യക്തി കോവിഡ് പോസിറ്റീവ് ആയാല്‍ അസുഖം കുറഞ്ഞ് നെഗറ്റീവ് ആയ തീയതി മുതല്‍ മൂന്നു മാസത്തിനു ശേഷമേ വാക്സിന്‍ എടുക്കാവൂ.
ഓണ്‍ലൈന്‍ യോഗത്തില്‍ ആര്‍സിഎച്ച് ഓഫീസര്‍ ഡോ. സുരേഷ് വര്‍ഗ്ഗീസ്, ജില്ലാ പ്രസ് ക്ലബ്ബ് പ്രസിഡന്റ് എം എന്‍ സുരേഷ് തുടങ്ങി ജില്ലയിലെ വിവിധ വകുപ്പു പ്രതിനിധികളും പങ്കെടുത്തു.
🔹️കോവിഡ് വാക്‌സിനേഷന്‍ മുന്‍ഗണന വിഭാഗങ്ങള്‍🔹️
• ഓക്‌സിജന്‍ നിര്‍മ്മാണ പ്ലാന്റുകള്‍, നിറയ്ക്കല്‍ വിതരണ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലെ ജീവനക്കാര്‍, ഓക്‌സിജന്‍ ടാങ്ക് ഡ്രൈവര്‍മാര്‍
• ഭിന്നശേഷിക്കാര്‍,
• കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍, കണ്ടക്ടര്‍മാര്‍
• മാധ്യമപ്രവര്‍ത്തകര്‍
• മത്സ്യവില്‍പ്പനക്കാര്‍
• പച്ചക്കറിവില്‍പ്പനക്കാര്‍
• ഹോര്‍ട്ടികോര്‍പ്പ് ഫീല്‍ഡ് ഉദ്യോഗസ്ഥര്‍
• മത്സ്യഫെഡ് ഫീല്‍ഡ് ഉദ്യോഗസ്ഥര്‍
• കണ്‍സ്യൂമര്‍ഫെഡ് ഫീല്‍ഡ് ഉദ്യോഗസ്ഥര്‍
• കെഎസ്ഇബി ഫീല്‍ഡ് ഉദ്യോഗസ്ഥര്‍
• കേരള വാട്ടര്‍ അതോറിറ്റി ഫീല്‍ഡ് ഉദ്യോഗസ്ഥര്‍
• പെട്രോള്‍പമ്പ് ജീവനക്കാര്‍
• വാര്‍ഡ് ഹെല്‍ത്ത് മെമ്പര്‍മാര്‍
• സന്നദ്ധസേന വോളണ്ടിയര്‍മാര്‍
• ഹോം ഡെലിവറി ഏജന്റ്മാര്‍
• ചുമട്ടുതൊഴിലാളികള്‍
• പത്രവിതരണക്കാര്‍
• പാല്‍വിതരണക്കാര്‍
• ചെക്‌പോസ്റ്റ് ജീവനക്കാര്‍
• ടോള്‍ബൂത്ത് ജീവനക്കാര്‍
• ഹോട്ടല്‍ റസ്റ്റോറന്റ് ജീവനക്കാര്‍
• ആവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടയിലെ ജീവനക്കാര്‍
• ജനസേവന കേന്ദ്രങ്ങളിലെ ജീവനക്കാര്‍
• റേഷന്‍കട ജീവനക്കാര്‍
• വൃദ്ധജനപരിപാലന ജീവനക്കാര്‍
• സാന്ത്വനപരിചരണ ജീവനക്കാര്‍
• ബിവറേജ് കോര്‍പ്പറേഷന്‍ ജീവനക്കാര്‍
• തൊഴില്‍ വകുപ്പിലെ ഫീല്‍ഡ് ഓഫീസര്‍മാര്‍
• ടെലികോം ഫീല്‍ഡ് ഓഫീസര്‍മാര്‍
• ഭക്ഷ്യ പൊതുവിതരണ വകുപ്പ് ഫീല്‍ഡ് ഉദ്യോഗസ്ഥര്‍
• ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ഫീല്‍ഡ് ഉദ്യോഗസ്ഥര്‍
• തപാല്‍ വകുപ്പ് ഫീല്‍ഡ് ഉദ്യോഗസ്ഥര്‍
• സാമൂഹ്യനീതി വകുപ്പ് ഫീല്‍ഡ് ഉദ്യോഗസ്ഥര്‍
• വനിതാ ശിശു വികസന വകുപ്പ് ഫീല്‍ഡ് ഉദ്യോഗസ്ഥര്‍
• മൃഗസംരക്ഷണ വകുപ്പ് ഫീല്‍ഡ് ഉദ്യോഗസ്ഥര്‍
• വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കിയിട്ടുള്ള വിദേശ രാജ്യങ്ങളിലേക്ക് പോകുന്ന വിദ്യാര്‍ത്ഥികള്‍/യാത്രക്കാര്‍
• മത്സ്യവിഭവ വകുപ്പിലെ ഫീല്‍ഡ് ഉദ്യോഗസ്ഥര്‍
• എസ്.എസ്.എല്‍.സി, എച്ച്.എസ്.എസ്, വി.എച്ച്.എസ്.എസ് പൊതു പരീക്ഷയുടെ ഉത്തരക്കടലാസ് മൂല്യനിര്‍ണയ ക്യാമ്പുകളില്‍ നിയോഗിക്കപ്പെട്ടിട്ടുഉള്ള അധ്യാപകര്‍
വാക്‌സിനേഷന്‍ ലഭിക്കുന്നതിനായി മുന്‍നിരപ്രവര്‍ത്തകര്‍ ആദ്യം www.cowin.gov.in ല്‍ രജിസ്റ്റര്‍ ചെയ്യണം. ശേഷം അതത് സ്ഥാപനത്തിലെ നോഡല്‍ ഓഫീസര്‍ മുഖേന https://covid19.kerala.gov.in/vaccine ല്‍ രജിസ്റ്റര്‍ ചെയ്യുക. ജില്ലാതലത്തില്‍ പരിശോധിച്ച് വാക്‌സിനേഷന്‍ കേന്ദ്രം, തീയതി, സമയം എന്നിവ എസ്എംഎസ് വഴി അറിയിക്കും. ഇങ്ങനെ എസ്.എം.എസ് ലഭിക്കുമ്പോള്‍ വാക്‌സിനേഷന്‍ കേന്ദ്രത്തിലെത്തി വാക്‌സിന്‍ സ്വീകരിക്കുക.
#covid19
#collectoridukki
#vaccination