വയനാട്: 2014 ഏപ്രില്‍ ഒന്നു മുതല്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതും 15 വര്‍ഷക്കാലയളവിലേക്ക് നികുതി അടയ്‌ക്കേണ്ടതുമായ മോട്ടോര്‍ കാബ് വിഭാഗത്തില്‍പ്പെടുന്ന വാഹനങ്ങളുടെ ബാക്കി 10 വര്‍ഷക്കാലയളവിലെ നികുതി കുടിശ്ശിക അഞ്ചു ദ്വൈമാസ ഗഡുക്കളായി അടയ്ക്കാമെന്നു മാനന്തവാടി ജോയിന്റ് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു.
ഒന്നാം ഗഡു ജൂണ്‍ പത്തിനോ അതിനുമുമ്പോ അടയ്ക്കണം. തുടര്‍ന്നുള്ള ഓരോ ഗഡുകളും ജൂലൈ 10, സപ്തംബര്‍ 10, നവംബര്‍ 10, ജനുവരി 10 എന്നീ തിയ്യതികളില്‍ അടയ്ക്കാം. ഏതെങ്കിലും ഒരുതവണ വീഴ്ചവരുത്തിയാല്‍ തവണവ്യവസ്ഥ നഷ്ടമാവുകയും ബാക്കി നികുതി തുക 2018 ജൂണ്‍ 10ന് ഗ്രേസ് പിരിയഡ് അവസാനിച്ചു എന്നതിന്റെ അടിസ്ഥാനത്തില്‍ അഡീഷനല്‍ ടാക്‌സും ആറുമാസം തികയുന്ന മുറയ്ക്ക് അഡീഷനല്‍ പലിശയും ഉള്‍പ്പെടെ വാഹന ഉടമയില്‍ നിന്ന് ഈടാക്കും. ഒന്നാമത്തെ തവണ അടച്ചതിനു ശേഷം രണ്ടാമത്തെ തവണയാണ് വാഹന ഉടമ വീഴ്ചവരുത്തുന്നതെങ്കില്‍ ഒന്നാമത്തെ തവണയില്‍ അടച്ച നികുതി കഴിച്ച് ബാക്കി അടയ്ക്കാനുള്ള നികുതി തുകയ്ക്ക് അഡീഷനല്‍ ടാക്‌സും വാര്‍ഷിക പലിശയും കണക്കാക്കി ഈടാക്കും.
ഇത്തരത്തിലുള്ള വാഹനങ്ങള്‍ കൈമാറ്റം ചെയ്യുന്നതിനോ ക്ലാസ് മാറ്റുന്നതിനോ മുമ്പ് നികുതി പൂര്‍ണ്ണമായി അടച്ചിരിക്കണം. എങ്കില്‍ മാത്രമേ മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ക്ക് അനുമതി ലഭിക്കുകയുള്ളൂ. വാഹന ഉടമകള്‍ ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തണമെന്ന് ജോയിന്റ് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു.