എറണാകുളം: കോവിഡ് പരിശോധനാ മാർഗനിർദ്ദേശങ്ങൾ പാലിക്കാത്ത ലബോറട്ടറികൾക്കും വ്യക്തികൾക്കുമെതിരെ കർശന നടപടി സ്വീകരിക്കാൻ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗത്തിൽ തീരുമാനിച്ചു. കോവിഡ് രോഗം സ്ഥിരീകരിക്കപ്പെട്ടവർ ആ വിവരം മറച്ചുവെച്ചു വീണ്ടും പരിശോധനകൾ നടത്തുന്നതും ക്വാറന്റീൻ വ്യവസ്ഥകൾ ലംഘിക്കുന്നതുമായ സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.
പരിശോധനക്കായി എത്തുന്നവരിൽ നിന്നും സത്യവാങ്മൂലം വാങ്ങുന്നതുൾപ്പെടെയുള്ള നടപടിക്രമങ്ങൾ ലബോറട്ടറികൾ പാലിക്കണം. കോവിഡ് പരിശോധനാ മാർഗനിർദ്ദേശങ്ങൾ ലംഘിക്കുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമെതിരെ പകർച്ചവ്യാധി പ്രതിരോധ നിയമപ്രകാരവും മറ്റ് വകുപ്പുകൾ പ്രകാരവും നടപടികൾ സ്വീകരിക്കും.
ശനിയാഴ്ച എല്ലാ വാക്സിനേഷൻ കേന്ദ്രങ്ങളിലും വാക്സിൻ മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെടുന്ന പ്രവർത്തകർക്ക് വാക്സിനേഷന് സൗകര്യം ഉണ്ടാകും. ഇവർ തൊഴിൽ തെളിയിക്കുന്ന രേഖയുമായി എത്തണം. പട്ടികവർഗ വിഭാഗങ്ങൾക്കായുള്ള വാക്സിനേഷൻ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തിയാക്കിയ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെ യോഗം അഭിനന്ദിച്ചു.
ഓൺ ലൈൻ യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, ഡെപ്യൂട്ടി കളക്ടർ എസ്. ഷാജഹാൻ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ. കെ. കുട്ടപ്പൻ, വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.