തൃശ്ശൂർ: ഇരിങ്ങാലക്കുട മണ്ഡലത്തിൽ മഴക്കാല മുന്നൊരുക്ക പ്രവർത്തനങ്ങൾ വിലയിരുത്താൻ അവലോകന യോഗം ചേർന്നു. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദുവിൻ്റെ അദ്ധ്യക്ഷതയിൽ ഓൺലൈനായാണ് യോഗം ചേർന്നത്. കാലവർഷ മുന്നൊരുക്കങ്ങൾക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും വകുപ്പുകളുടെയും ഒരുമിച്ചുള്ള പ്രവർത്തനങ്ങൾ ഉറപ്പാക്കണമെന്നും മഴക്കാലപൂർവ്വ ശുചീകരണം ഉൾപ്പെടെയുള്ള തയ്യാറെടുപ്പുകൾ അടിയന്തരമായി പൂർത്തിയാക്കണമെന്നും മന്ത്രി യോഗത്തിൽ പറഞ്ഞു.തോടുകൾ, ജല സ്രോതസ്സുകൾ എന്നിവയുടെ നീരൊഴുക്കിനെ തടസപ്പെടുക്കുന്നവ നീക്കം ചെയ്യണം.
കാറ്റിൽ വീഴാൻ സാധ്യതയുള്ള പരസ്യബോർഡുകൾ, മരങ്ങളുടെ ശിഖരങ്ങൾ എന്നിവ അടിയന്തരമായി നീക്കം ചെയ്യാനും മന്ത്രി നിർദ്ദേശിച്ചു. വീഴാറായി നിൽക്കുന്ന ഇലക്ട്രിക് പോസ്റ്റുകൾ കണ്ടെത്തി പുനഃസ്ഥാപിക്കുന്നതിന് വേണ്ട നിർദ്ദേശങ്ങളും മന്ത്രി വൈദ്യുത വകുപ്പ് ഉദ്യോഗസ്ഥർക്ക് നൽകി.
ഇല്ലിക്കൽ റെഗുലേറ്ററിൻ്റെ ഇടിഞ്ഞ് പോയ സംരക്ഷണഭിത്തി പുനഃസ്ഥാപിക്കുന്നതിനും മാടച്ചിറയിൽ മണ്ണൊലിക്കുന്നത് തടയുന്നതിന് വേണ്ട ഷീറ്റ് പൈലിംഗ് പ്രക്രിയ നടത്തുന്നതിനും ഷൺമുഖം കനാലിൽ നീരൊഴുക്ക് ശക്തിപ്പെടുത്തുന്നതിനും വേണ്ട പ്രവർത്തനങ്ങൾ അടിയന്തരമായി നടത്തുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ആർ ആർ ടി അംഗങ്ങൾ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ അഭിനന്ദനാർഹമായ രീതിയിൽ അണിനിരന്നിട്ടുണ്ടെന്നും അവരുടെ സഹായം മഴക്കാലപൂർവ്വ ക്രമീകരണങ്ങളിലും തേടാമെന്നും മന്ത്രി പറഞ്ഞു. ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ആർ ആർ ടി അംഗങ്ങൾക്ക് മഴക്കാല മുന്നൊരുക്ക പ്രവർത്തനങ്ങളെക്കുറിച്ച് വിശദമായ നിർദ്ദേശങ്ങൾ നൽകണമെന്നും അറിയിച്ചു.
കഴിഞ്ഞ വർഷങ്ങളിലെ അനുഭവ പരിചയങ്ങളിൽ നിന്നുകൊണ്ട് തദ്ദേശസ്ഥാപനങ്ങൾ ദുരിതാശ്വാസ ക്യാമ്പുകളുടെ കാര്യത്തിലും മറ്റ് കാലവർഷ മുന്നൊരുക്ക പ്രവർത്തനത്തിലും ജാഗ്രത പുലർത്തണം. ദുരിതാശ്വാസ ക്യാമ്പുകൾക്കുള്ള സ്ഥലങ്ങൾ കണ്ടെത്തി കെട്ടിടങ്ങളുടെ ഫിറ്റ്നസ് പരിശോധിച്ചെന്ന് ഉറപ്പുവരുത്തി ക്യാമ്പുകൾ എത്രയും പെട്ടെന്ന് സജ്ജമാക്കണം. കിണറുകളുടെ ക്ലോറിനേഷൻ ഉറപ്പാക്കുകയും ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ആവശ്യമായ എല്ലാ മുന്നൊരുക്കങ്ങളും അടിയന്തരമായി സ്വീകരിക്കുകയും വേണം.
ബണ്ടുകൾ തകരാൻ സാധ്യതയുള്ള മേഖലയിൽ പുനഃസ്ഥാപിക്കുന്നതിന് വേണ്ട മണൽ ചാക്കുകൾ കരുതണം. ഫയർ, ആംബുലൻസ്, സന്നദ്ധ സേവനത്തിന് തയ്യാറായിട്ടുള്ള ദുരന്തനിവാരണ സേന തുടങ്ങിയവരുടെ യോജിച്ചുള്ള പ്രവർത്തനം ഉറപ്പുവരുത്തണം. മഴക്കാല രോഗങ്ങളുമായി ബന്ധപ്പെട്ട മരുന്നുകൾ പ്രാഥമികാരോഗ്യകേന്ദ്രങ്ങളിൽ അടിയന്തരമായി സമാഹരിച്ച് സൂക്ഷിക്കണം. പട്ടികജാതി കോളനികളിൽ മഴക്കാലപൂർവ്വ സജ്ജീകരണങ്ങളുമായി ബന്ധപ്പെട്ട് വലിയ ജാഗ്രത പുലർത്തുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ശ്രദ്ധിക്കണം. കോളനികളിൽ മെഡിക്കൽ ക്യാമ്പുകൾ അടിയന്തരമായി നടത്തുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കണം.
സ്പോട്ട് വാക്സിനേഷൻ നടത്താൻ പറ്റുന്ന
സ്ഥലങ്ങളിൽ സാഹചര്യങ്ങൾക്കനുസരിച്ച് വാക്സിനേഷൻ ചെയ്യാൻ ശ്രമിക്കണം. കോവിഡ് വ്യാപന സാഹചര്യത്തിൽ മഴക്കാലരോഗങ്ങൾ പടർന്നു പിടിക്കുന്നത് തടയാൻ വേണ്ട ജാഗ്രത പുലർത്തണം. മഴ കൂടുന്ന പക്ഷം പീച്ചി, ചിമ്മിനി അണക്കെട്ടുകൾ തുറക്കുന്ന സാഹചര്യം വന്നാൽ ജനങ്ങളും ഉദ്യോഗസ്ഥരും ഒരുപോലെ ജാഗ്രത പുലർത്തണമെന്നും മന്ത്രി പറഞ്ഞു.
യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി കെ ഡേവിസ്, ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ലളിത ബാലൻ, ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ സോണിയ ഗിരി, മറ്റ് ബ്ലോക്ക് പഞ്ചായത്ത് – ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റുമാരും, മുകുന്ദപുരം താലൂക്ക് തഹസിൽദാർ കെ ബാലകൃഷ്ണൻ, മറ്റ് വിവിധ വകുപ്പ്തല ഉദ്യോഗസ്ഥരും ഓൺലൈനായി പങ്കെടുത്തു. ഇരിക്കാലക്കുട ബ്ലോക്ക് പഞ്ചായത്ത് ബിഡിഒ സി ശ്രീജിത്ത് നന്ദി പറഞ്ഞു.