തൃശ്ശൂർ:  ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിൽ കോവിഡ് എമർജൻസി വാഹനങ്ങളും ഓക്സിജൻ കോൺസെൻട്രേറ്റുകളും ലഭ്യമാക്കി. കോവിഡ എമർജൻസി വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് ചടങ്ങും ഓക്സിജൻ കോൺസെൻട്രേറ്റുകളുടെ വിതരണോദ്ഘാടനവും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫസർ ആർ ബിന്ദു നിർവഹിച്ചു.കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിൻ്റെ പരിധിയിലുള്ള കാട്ടൂർ, കാറളം, മുരിയാട്, പറപ്പൂക്കര എന്നീ നാല് ഗ്രാമപഞ്ചായത്തുകളിലെ കോവിഡ് ചികിത്സാ ആവശ്യങ്ങൾക്കാണ് കോവിഡ് എമർജൻസി വാഹനങ്ങളും ഓക്സിജൻ കോൺസെൻട്രേറ്റുകളും ലഭ്യമാക്കിയിട്ടുള്ളത്.

കോവിഡ് പ്രതിരോധ പ്രവർത്തനത്തിൻ്റെ ഭാഗമായി പഞ്ചായത്തിൻ്റെ പ്ലാൻ ഫണ്ടിൽ നിന്നും പ്രത്യേകം അനുവദിച്ച 10 ലക്ഷം രൂപ ചിലവിലാണ് പദ്ധതി നടപ്പാക്കിയത്. കാട്ടൂർ – കാറളം പഞ്ചായത്തുകളിലെ കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിലേയ്ക്കും പറപ്പൂക്കര – മുരിയാട് പഞ്ചായത്തുകളിലെ കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിലേക്കും ഓരോന്ന് വീതം കോവിഡ് എമർജൻസി വാഹനങ്ങളാണ് ലഭ്യമാക്കിയത്.കൂടാതെ കോവിഡ് രോഗികൾക്കായി നാല് പഞ്ചായത്തുകളിലേയ്ക്കും കൂടി 80,000 രൂപ വരുന്ന നാല് ഓക്സിജൻ കോൺസെൻട്രേറ്റുകളുമാണ് വിതരണം ചെയ്തത്. ഇതോടെ ഇരിങ്ങാലക്കുട ബ്ലോക്കിന് കീഴിലെ എല്ലാ പഞ്ചായത്തുകളിലും കോവിഡ് രോഗികളെ ആശുപത്രികളിലേയ്ക്ക് കൊണ്ട് പോകുന്നതിനും സി.എഫ്.എൽ.ടി.സി കളിൽ നിന്നും രോഗമുക്തി നേടിയവരെ വീടുകളിലേയ്ക്ക് തിരിച്ച് കൊണ്ടു പോകുന്നതിനും പഞ്ചായത്ത് തലത്തിൽ സൗകര്യങ്ങൾ ഏർപ്പെടുത്തുകയാണ്.