മലപ്പുറം: പ്രവാസികള്‍ക്കും പഠനത്തിനും മറ്റ് ആവശ്യങ്ങള്‍ക്കും വിദേശങ്ങളിലേക്ക് പോകുന്നവര്‍ക്കും കോവിഡ് പ്രതിരോധ വാക്‌സിന്‍ നല്‍കുന്നതിന് മലപ്പുറം ജില്ലയില്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു.
രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചവര്‍ക്ക് ആധാര്‍ നമ്പറിന് പകരം പാസ്‌പോര്‍ട്ട് നമ്പര്‍ രേഖപ്പെടുത്തിയ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിന്നായി www.covid19.kerala.gov.in/vaccine/ എന്ന വെബ് പോര്‍ട്ടലില്‍ ആണ് രജിസ്‌ട്രേഷന്‍ ചെയ്യേണ്ടത്. ഇതിന്നായി www.cowin.gov.in എന്ന വെബ് പോര്‍ട്ടലില്‍ നേരത്തെ വാക്‌സിനെടുത്തതിന്റെ ഫൈനല്‍/പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റ്, ഒന്നാം ഡോസ് വാക്‌സിന് ഉപയോഗിച്ച ഐഡി കാര്‍ഡ്, പാസ്‌പോര്‍ട്ട്, കാലാവധിയുള്ള വിസ/ വര്‍ക്ക് പെര്‍മിറ്റ്/ അഡ്മിഷന്‍ ലെറ്റര്‍ എന്നിവയും ആധാര്‍ നമ്പര്‍ വിവരങ്ങളും നല്കി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. ഇങ്ങനെ സമര്‍പ്പിച്ച അപേക്ഷകള്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അംഗീകരിച്ചതിനുശേഷം പാസ് പോര്‍ട്ട് നമ്പര്‍, വാക്‌സിന്റെ പേര് എന്നിവ അടങ്ങിയ പുതിയ സര്‍ട്ടിഫിക്കറ്റ് www.covid19.kerala.gov.in/vaccine/ എന്ന പോര്‍ട്ടലില്‍ നിന്ന് തന്നെ ലഭിക്കുന്നതാണ്.
ആദ്യ ഡോസ് എടുത്ത ശേഷം നാല് മുതല്‍ ആറ് ആഴചകള്‍ക്കുള്ളില്‍ വിദേശത്ത് പോകുന്നവര്‍ക്ക് രണ്ടാം ഡോസ് വാക്‌സിന്‍ ലഭിക്കുന്നതിനായി www.covid19.kerala.gov.in/vaccine/ എന്ന വെബ് പോര്‍ട്ടലില്‍ ഒന്നാം ഡോസ് വാക്‌സിനെടുത്തതിന്റെ ഫൈനല്‍/പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റ്, ഒന്നാം ഡോസ് വാക്‌സിന് ഉപയോഗിച്ച ഐഡി കാര്‍ഡ്, പാസ്‌പോര്‍ട്ട്, കാലവധിയുള്ള വിസ/ വര്‍ക്ക് പെര്‍മിറ്റ്/ അഡ്മിഷന്‍ ലെറ്റര്‍ എന്നിവയും ആധാര്‍ നമ്പര്‍ വിവരങ്ങളും നല്കി വാക്‌സിനെടുക്കാന്‍ ഉദ്ദേശിക്കുന്ന പ്രാഥമികാരോഗ്യ കേന്ദ്രം തെരെഞ്ഞെടുത്ത് അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. വിദേശത്ത് നിന്ന് ആസ്ട്രസെനക വാക്‌സിന്‍ ഒന്നാം ഡോസ് സ്വീകരിച്ച ശേഷം കേരളത്തിലെത്തി നാല് മുതല്‍ ആറ് ആഴ്ചകള്‍ക്കുള്ളില്‍ രണ്ടാം ഡോസ് സ്വീകരിക്കുന്നവര്‍ രണ്ടാം ഡോസ് വാക്‌സിന്‍ ലഭിക്കുന്നതിനായി ഇതേ രീതിയില്‍ തന്നെ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.
ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അപേക്ഷ അംഗീകരിച്ച് കഴിഞ്ഞാല്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് ഷേഡ്യൂള്‍ ചെയ്ത് വാക്‌സിന്‍ സ്വീകരിക്കാം. രണ്ടാം ഡോസ് വാക്‌സിന്‍ സ്വീകരിച്ചതിന് ശേഷം വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ നിന്ന് താത്കാലികമായി ഒരു സര്‍ട്ടിഫിക്കറ്റ് ലഭ്യമാവുന്നതും നല്‍കിയ വിവരങ്ങള്‍ ജില്ലാ തലത്തില്‍ പരിശോധിച്ച് അംഗീകരക്കുന്നതോടെ അന്തിമ സര്‍ട്ടിഫിക്കറ്റ് പോര്‍ട്ടലില്‍ നീന്ന് ഡൗണ്‍ലോഡ് ചെയ്യാവുന്നതുമാണ്.
വിദേശത്ത് നിന്നും ആസ്ട്രസെനക വാക്‌സിന്‍ ഒന്നാം ഡോസ് സ്വീകരിച്ച ശേഷം കേരളത്തില്‍ നിന്ന് 84 ദിവസത്തിനുശേഷം രണ്ടാം ഡോസ് സ്വീകരിക്കുന്നവര്‍ക്ക് അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ വിവരങ്ങള്‍ നല്കി രണ്ടാം ഡോസ് വാക്‌സിന്‍ സ്വീകരിക്കാവുന്നതാണ്.
പ്രവാസികള്‍ക്കും വിദേശത്തേക്ക് ജോലിക്കോ പഠനത്തിനോ പോകുന്നവര്‍ക്കും കോവിഡ് വാക്‌സിന്‍ ലഭിക്കുന്നതിന്നായി www.cowin.gov.in എന്ന വെബ് പോര്‍ട്ടലില്‍ പാസ്‌പോര്‍ട്ട് നമ്പര്‍ ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്ത ശേഷം മുന്‍ഗണന ലഭിക്കുന്നതിന്നായി www.covid19.kerala.gov.in/vaccine/ എന്ന വെബ് പോര്‍ട്ടലില്‍ അടിസ്ഥാന വിവരങ്ങളും, കോവിന്‍ പോര്‍ട്ടലിലെ വിവരങ്ങളും ആധാര്‍ നമ്പര്‍ വിവരങ്ങളും നല്കി അപേക്ഷ സമര്‍പ്പിക്കാം.
നല്‍കിയ വിവരങ്ങള്‍ ജില്ലാ തലത്തില്‍ പരിശോധിച്ച ശേഷം മുന്‍ഗണനയും വാക്‌സിന്‍ ലഭ്യതയും അനുസരിച്ച് വാക്‌സിനേഷന്‍ കേന്ദ്രം, തീയതി, സമയം എന്നിവ എസ്.എം.എസ്. മുഖേന അറിയിക്കും. തുടര്‍ന്ന് അപ്പോയിന്റ്‌മെന്റ് എസ്.എം.എസ്, സര്‍ട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കി വാക്‌സിന്‍ സ്വീകരിക്കാം.